ഇങ്ങനെയായാല്‍ ഗാന്ധിജിയുടെ പടവും മാറ്റണമെന്ന് ആവശ്യം വരില്ലേ? മോദിയുടെ ചിത്രം മാറ്റണമെന്ന ഹര്‍ജിയില്‍ കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2021 11:57 AM  |  

Last Updated: 03rd November 2021 11:57 AM  |   A+A-   |  

modi1

പ്രധാനമന്ത്രി നരേന്ദ്രമോദി/ഫയല്‍

 

കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി. ഇതൊരു അപകടകരമായ ആവശ്യമാണെന്ന്, ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് എന്‍ നഗരേഷ് അഭിപ്രായപ്പെട്ടു. 

കറന്‍സി നോട്ടുകളില്‍നിന്ന് ഗാന്ധിജിയെ ഒഴിവാക്കണം എന്ന ആവശ്യവുമായി നാളെ ഒരാള്‍ വന്നാല്‍ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചു. ഒരാള്‍ അധ്വാനിച്ചാണ് പണമുണ്ടാക്കുന്നത്. അങ്ങനെയുണ്ടാക്കുന്ന പണത്തില്‍ ഗാന്ധിജിയുടെ ചിത്രം വേണ്ടെന്ന് പറഞ്ഞാല്‍ എന്തു സംഭവിക്കും?- കോടതി ചോദിച്ചു.

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വകാര്യ ഇടമാണെന്നും അതില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്താന്‍ താത്പര്യപ്പെടുന്നില്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ആവശ്യമാണ് ഇതെന്നു കോടതി അഭിപ്രായപ്പെട്ടു.

കറന്‍സി നോട്ടില്‍ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് ആര്‍ബിഐ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എന്നാല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നതിന് നിയമ പ്രാബല്യമൊന്നും ഇല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. 

ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ എഎസ്ജി കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് കേസ് ഈ മാസം ഇരുപത്തിമൂന്നിലേക്കു മാറ്റി.