ആദ്യം സംശയം തോന്നിയതാര്‍ക്ക്?; ഡിജിപിയും എഡിജിപിയും വെറുതെ മോന്‍സന്റെ വീട്ടില്‍ പോകുമോ?; രേഖകളും സത്യവാങ്മൂലവും തമ്മില്‍ പൊരുത്തക്കേടെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 02:05 PM  |  

Last Updated: 11th November 2021 02:24 PM  |   A+A-   |  

HIGHCOURT CRITICIZES

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി : പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു നടത്തിയ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ പൊരുത്തക്കേടുണ്ടെന്ന് കോടതി പറഞ്ഞു. ഡിജിപിയുടെ സത്യവാങ്മൂലവും കോടതിക്ക് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. 

എഡിജിപി മനോജ് എബ്രഹാം അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കത്തല്ല, നോട്ട് ഫയല്‍ ആണെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പറയുന്നു. സത്യവാങ്മൂലം വായിച്ചുനോക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് കോടതി ആവശ്യപ്പെട്ടു. 

മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും എഡിജിപി മനോജ് എബ്രഹാമിനെയും കോടതി വിമര്‍ശിച്ചു. ബെഹ്‌റ എന്തിനാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചു. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നല്‍കിയെന്ന വാദം തെറ്റല്ലേയെന്നും കോടതി ആരാഞ്ഞു. 

വെറുതെ മോന്‍സന്റെ വീട്ടില്‍ പോകുമോ ?

പൊലീസ് മേധാവിയും എ ഡി ജി പിയും വെറുതെ മോന്‍സന്റെ വീട്ടില്‍ പോകുമോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.  അനിത പുല്ലയില്‍ ക്ഷണിച്ചിട്ടാണ് ബെഹ്‌റയും മനോജ് എബ്രഹാമും പുരാവസ്തുക്കള്‍ കാണാന്‍ പോയത്. ഇക്കാര്യം ബെഹ്‌റ ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചിട്ടുണ്ട്. അനിത പുല്ലയിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. 

ഇതെന്ത് അവസ്ഥ ?

ഇതില്‍ അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയതായി പ്രോസിക്യൂഷന്‍ അറിയിച്ചു. ഒരാള്‍ ക്ഷണിക്കുന്നു, പുരാവസ്തുക്കള്‍ കാണിക്കുന്നു. അതിന് ശേഷം ദിവസങ്ങളോളം മിണ്ടാതിരിക്കുന്നു. പിന്നീട് അന്വേഷണം നടത്തുന്നു ഇതെന്ത് അവസ്ഥയെന്ന് കോടതി ചോദിച്ചു. മോന്‍സനെക്കുറിച്ച് ആര്‍ക്കാണ് സംശയം തോന്നിയത്?. എ ഡി ജി പി മനോജ് എബ്രഹാമിനാണോ തോന്നിയതെന്ന് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 

എന്ത് രഹസ്യസ്വഭാവമാണുള്ളത്?

കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയ രേഖയെ എന്താണ് വിളിക്കേണ്ടതെന്ന് കോടതി ചോദിച്ചു. എന്ത് രഹസ്യസ്വഭാവമാണുള്ളത്?. ഏഴുമാസമെടുത്ത് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ എന്താണുള്ളതെന്നും കോടതി ചോദിച്ചു. മോന്‍സന്‍രെ വീട്ടില്‍പോയ ഒരാള്‍ ഇപ്പോഴും സര്‍വീസിലുണ്ടല്ലോ, അയാള്‍ പിന്നീട് എന്ത് നടപടി എടുത്തു?. അന്ന് അന്വേഷിച്ചിരുന്നെങ്കില്‍ ഇത്ര വലിയ തട്ടിപ്പ് ഉണ്ടാകുമായിരുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

ആരാണ് സോഴ്‌സ് എന്ന് വ്യക്തമാക്കണം

പുരാവസ്തു രജിസ്‌ട്രേഷന്‍ ഉണ്ടോ എന്നതാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആദ്യം അന്വേഷിക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സോഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇന്റലിജന്‍സ് അന്വേഷണം നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആരാണ് സോഴ്‌സ് എന്ന് വ്യക്തമാക്കണം. ചോദ്യം ഉന്നയിക്കുന്നതിന് വ്യക്തമായ കാരണമുണ്ടെന്നും, ഇക്കാര്യത്തില്‍ ഉരുണ്ടു കളിക്കരുതെന്നും  ഹൈക്കോടതി അഭിപ്രായപ്പെട്ടു.