സെക്രട്ടറി പദത്തില്‍ കോടിയേരി മടങ്ങിയെത്തും?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് 

2020 നവംബര്‍ 13നാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും അവധിയെടുത്തത്
കോടിയേരി ബാലകൃഷ്ണന്‍ / ഫയല്‍ ചിത്രം
കോടിയേരി ബാലകൃഷ്ണന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മുല്ലപ്പെരിയാര്‍ മരംമുറി വിവാദം, ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറി പദത്തിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തുന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും. 

2020 നവംബര്‍ 13നാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും അവധിയെടുത്തത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുറമേ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതുമാണ് അവധിയില്‍ പ്രവേശിക്കാന്‍ കാരണമായത്.

എന്നാല്‍ അര്‍ബുദത്തിനു തുടര്‍ചികില്‍സ ആവശ്യമായതിനാല്‍ അവധി അനുവദിക്കുക ആയിരുന്നു എന്നാണ് സിപിഎം വിശദീകരിച്ചിരുന്നത്. പകരം ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ അദിക ചുമതല നല്‍കുകയും ചെയ്തു. ഇപ്പോള്‍ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതും ബിനീഷ് ജയില്‍ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.

2015ല്‍ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്മന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായത്. 2018ല്‍ തൃശൂരില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 16ാം വയസിലാണ് കോടിയേരി പാര്‍ട്ടി അംഗമാകുന്നത്. കേന്ദ്ര കമ്മിറ്റിയിലും പിബിയിലും എത്തിയശേഷമാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com