എച്ച്‌ഐവി ബാധിതയുടെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും നഗരസഭയും; ഒരുമാസമായി ആശുപത്രിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 08:49 AM  |  

Last Updated: 18th November 2021 08:49 AM  |   A+A-   |  

deadbody

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: എച്ച്‌ഐവി ബാധിതയുടെ മൃതദേഹം ഏറ്റെടുക്കാന്‍ കൂട്ടാക്കാതെ ബന്ധുക്കളും നഗരസഭയും. ഒരുമാസമായി മൃതദേഹം കോഴിക്കോട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  ആശുപത്രി മെഡിസിന്‍ വാര്‍ഡില്‍ ചികിത്സയിലായിരിക്കെ മരിച്ച പെരിന്തല്‍മണ്ണ സ്വദേശിനിയുടെ മൃതദേഹമാണ് സാങ്കേതികക്കുരുക്കില്‍ കുടുങ്ങി സംസ്‌കരിക്കാനാവാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഒക്ടോബര്‍ 16-നാണ് ഇവര്‍ മരിച്ചത്. ഏറ്റെടുക്കാന്‍ ആരുമില്ലാത്തതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പെരിന്തല്‍മണ്ണ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

പെരിന്തല്‍മണ്ണ നഗരസഭയ്ക്ക് സമ്മതപത്രം നല്‍കിയെന്നും തുടര്‍ നടപടിയെടുക്കേണ്ടത് നഗരസഭയാണെന്നുമാണ് പൊലീസിന്റെ നിലപാട്. എന്നാല്‍ പൊലീസില്‍നിന്ന് സമ്മതപത്രമൊന്നം കിട്ടിയിട്ടില്ലെന്നും അതിനാല്‍ ഇടപെടാനാവില്ലെന്നുമാണ് പെരിന്തല്‍മണ്ണ നഗരസഭ പറയുന്നത്.

ഇത്തരം ഘട്ടത്തില്‍ മൃതദേഹം ഏറ്റെടുത്തു സംസ്‌കരിക്കേണ്ട ചുമതല നഗരസഭയ്ക്കാണ്. പെരിന്തല്‍മണ്ണ പൊലീസ് നഗരസഭയ്ക്ക് നല്‍കിയ സമ്മതപത്രത്തിന്റെ പകര്‍പ്പ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നല്‍കാതിരുന്നതും പ്രശ്നം സങ്കീര്‍ണമാക്കി. പ്രശ്നം പരിഹരിച്ച് എത്രയും പെട്ടെന്ന് മൃതദേഹം സംസ്‌കരിക്കാന്‍ വഴിയെന്തെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍.