യുവതിക്ക് ഇൻസ്റ്റ​ഗ്രാമിൽ അശ്ലീല സന്ദേശം അയച്ചു; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; പ്രകൃതി വിരുദ്ധ പീഡനത്തിനും ശ്രമം: നാലു പേർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 05:56 AM  |  

Last Updated: 22nd November 2021 05:56 AM  |   A+A-   |  

police CASE

പ്രതീകാത്മക ചിത്രം

 

തൊടുപുഴ : യുവതിക്ക് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. വണ്ണപ്പുറം കാളിയാർ മറ്റത്തിൽ തച്ചമറ്റത്തിൽ വീട്ടിൽ കൊച്ച് അമ്പിളി എന്നു വിളിക്കുന്ന അനുജിത് മോഹനൻ (21), ഇയാളുടെ സഹോദരൻ അഭിജിത്ത് മോഹനൻ (23), മുതലക്കോടം പഴുക്കാകുളം പഴയരിയിൽ വീട്ടിൽ അഷ്കർ (23), കോതമംഗലം തങ്കളം വാലയിൽ വീട്ടിൽ ജിയോ കുര്യാക്കോസ് (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

യുവതിക്ക് ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശം അയച്ച യുവാവിനെ യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു എന്നാണ് കേസ്. ഒന്നാം പ്രതിയായ അനുജിത്തിന്റെ ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതുമായി ബന്ധപ്പെട്ട് ഉടുമ്പന്നൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരനെയാണ് ആറംഗ സംഘം ഇക്കഴിഞ്ഞ 19ന് വൈകിട്ട് ആറോടെ തൊടുപുഴ കെഎസ്ആർടിസി ജംക്‌ഷനിൽ നിന്നു കാറിൽ തട്ടിക്കൊണ്ടു പോയത്. 

ഇയാളെ കോലാനി, മണക്കാട്, കാളിയാർ, ഏഴല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ രാത്രി കൊണ്ടുപോകുകയും മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ പ്രതികൾ പ്രകൃതിവിരുദ്ധ പീഡനത്തിനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ, അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ പരാതിയുമായി പ്രതികൾ യുവാവിനൊപ്പം തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തി. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് അശ്ലീല സന്ദേശങ്ങൾ കണ്ടെത്തി. യുവാവിന്റെ പേരിൽ കേസും എടുത്തു. 

തുടർന്ന് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് യുവാവ് ഡോക്ടറോട് മർദന വിവരവും പീഡന ശ്രമവും പറഞ്ഞത്. ഡോക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് സിഐ വിഷ്മുകുമാർ പറഞ്ഞു. മർദനമേറ്റ യുവാവ്‌ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിനെമർദ്ദിച്ച സംഭവത്തിൽ രണ്ടു പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.