മോഡലുകളുടെ മരണം: കായലിന്റെ അടിത്തട്ട് കാണുന്ന ക്യാമറ ഉപയോഗിച്ച് തെരച്ചില്‍, ഡിവിആര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹത: കമ്മീഷണര്‍

മോഡലുകളുടെ അപകട മരണത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു.
ഡിവിആറിന് വേണ്ടി കായലില്‍ തെരച്ചില്‍ നടത്തുന്നു/എക്‌സ്പ്രസ്‌
ഡിവിആറിന് വേണ്ടി കായലില്‍ തെരച്ചില്‍ നടത്തുന്നു/എക്‌സ്പ്രസ്‌


കൊച്ചി: മോഡലുകളുടെ അപകട മരണത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. കായലില്‍ എറിഞ്ഞ ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കിനായി തെരച്ചില്‍ തുടരും. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്. ഇന്ന് കായലിന്റെ അടിത്തട്ട് കാണാന്‍ പറ്റുന്ന അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. എല്ലാ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. 

ഡിവിആര്‍ കിട്ടിയാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കും. ഹോട്ടലില്‍ നടന്ന സംഭവങ്ങളും അപകടവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. എന്തെങ്കിലും സംശയാസ്പദമായി നടന്നിട്ടുണ്ടെങ്കില്‍,അത് പുറത്തുകൊണ്ടുവരും. 

മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജുവിനെ വീണ്ടും ചോദ്യം ചെയ്യും. ആദ്യം അപകടം എന്നാണ് പൊലീസും കരുതിയിരുന്നത്. ഇപ്പോള്‍ കേസെടുത്തിരിക്കുന്നതും മദ്യപിച്ച് വാഹനമോടിച്ചു അപകടമുണ്ടായി എന്നതിലാണ്. പക്ഷേ ഡിവിആര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതില്‍ സംശയമുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്നലെ പകല്‍ മുഴുവന്‍ ഹാര്‍ഡ് ഡിസ്‌കിന് വേണ്ടി സ്‌കൂബാ ഡൈവേഴ്‌സിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 
അപകടത്തിനിടയാക്കിയ കാറോടിച്ച അബ്ദുള്‍ റഹ്മാനെ ഇന്നലെ വിളിച്ചു വരുത്തി വീണ്ടും മൊഴിയെടുത്തു. ഇദ്ദേഹത്തിന്റെ മൊഴികളില്‍ പൊരുത്തക്കേടുള്ളതായി പ്രാഥമികമായി മനസ്സിലായിട്ടുണ്ട്. ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ മൊഴിയുമായി താരതമ്യം ചെയ്ത് ഇക്കാര്യം കൂടുതല്‍ പരിശോധിക്കും. ഇതിന് ശേഷം റഹ്മാനെ വീണ്ടും വിളിച്ചു വരുത്തും. 

ഡിജെ പാര്‍ട്ടി നടന്ന നന്പര് 18 ഹോട്ടലിലെ ജീവനക്കാര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി ഇന്നലെ കായലിലെ തിരച്ചില്‍ നടത്തിയത്. 12 മണിയോടെ കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍ , മെല്‍വിന് എന്നിവരുമായി അന്വേഷണം സഘം പാലത്തിലെത്തി. തുടര്‍ന്ന പ്രതികള്‍ ചൂണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാര്‍ക്ക് ചെയ്തു. തുടര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസിലെ ആറ് മുങ്ങല്‍ വിദ്ഗധര്‍ കായലിലിറങ്ങി. വൈകിട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com