കെട്ടിടം പൊളിക്കാനുള്ള നോട്ടീസ് ചട്ടവിരുദ്ധമെന്ന് രാഷ്ട്രപതിയുടെ 'ഉത്തരവ്'; അമ്പരന്ന് കോർപ്പറേഷൻ സെക്രട്ടറി; വ്യാജ ഉത്തരവ് ചമച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2021 12:20 PM  |  

Last Updated: 27th November 2021 12:20 PM  |   A+A-   |  

ummerkutty

അറസ്റ്റിലായ ഉമ്മര്‍കുട്ടി/ ടെലിവിഷൻ ദൃശ്യം

 

കണ്ണൂര്‍: കെട്ടിടം പൊളിക്കാതിരിക്കാന്‍ രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി സ്വദേശി പി പി എം ഉമ്മര്‍കുട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇയാളുടെ സഹോദരൻ എസ് ബി ഐ റിട്ട. ഉദ്യോഗസ്ഥന്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പിപിഎം അഷറഫിനെ കഴിഞ്ഞമാസം പിടികൂടിയിരുന്നു. 

കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ ഉമ്മര്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിര്‍മാണച്ചട്ടങ്ങള്‍ ലംഘിച്ചുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്  പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നടപടി ചട്ടവിരുദ്ധമാണെന്നും കോര്‍പ്പറേഷന് ഇത്തരം നോട്ടീസ് നല്‍കാന്‍ അധികാരമില്ലെന്നും നിര്‍ദേശിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഉമ്മര്‍കുട്ടി മുനിസിപ്പല്‍ സെക്രട്ടറിക്ക് നല്‍കി. 

ഈ ഉത്തരവിന്റെ പകര്‍പ്പ് ഉമ്മര്‍കുട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി, ഗവ. സെക്രട്ടറി, കളക്ടര്‍ എന്നിവര്‍ക്കും അയച്ചിരുന്നു. വളരെ വിശദമായി നല്‍കിയ ഉത്തരവില്‍ മന്ത്രിസഭയുടെ അധികാരമില്ലാതെ പാസാക്കിയ മുനിസിപ്പല്‍ ചട്ടങ്ങള്‍ നിയമവിരുദ്ധമാണെന്നും അത് നിലനില്‍ക്കില്ലെന്നും പറയുന്നു. രാഷ്ട്രപതിയുടെ 'ഉത്തരവ്' വായിച്ച് അമ്പരന്ന കോർപ്പറേഷൻ സെക്രട്ടറി വിവരം പൊലീസിനെ അറിയിച്ചു. 

രാഷ്ട്രപതിയുടെ ഉത്തരവില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്, ഉമ്മര്‍കുട്ടിയുടെ സഹോദരന്‍ അഷറഫിനെ അസിസ്റ്റന്റ് കമ്മീഷണർ പി പി  സദാനന്ദന്‍ വിശദമായി ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള രാഷ്ട്രപതിയുടെ സിറ്റിസണ്‍ പോര്‍ട്ടലില്‍ കയറി പരാതി നല്‍കിയ അഷറഫ് അതില്‍ രാഷ്ട്രപതിയുടേതെന്ന മട്ടില്‍ വ്യാജ മറുപടിയും സ്‌കാന്‍ ചെയ്ത് കയറ്റി.

ഇതോടെ വെബ്സൈറ്റ് പരിശോധിക്കുന്ന ആര്‍ക്കും ഈ മറുപടിയും കാണാന്‍ പറ്റും. ഇതിന്റെ പകര്‍പ്പെടുത്ത് നല്‍കിയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്. ഭരണഘടനാ വിദഗ്ധനും ഓള്‍ ഇന്ത്യ സിറ്റിസണ്‍ ഫോറം പ്രസിഡന്റുമാണെന്നാണ് അഷറഫ് പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തിൽ ഇയാൾ റിട്ട. ബാങ്ക് ഉദ്യോ​ഗസ്ഥനാണെന്ന് പൊലീസ് കണ്ടെത്തി.