സാമ്പാർ, ഒഴിച്ചുകറി, തോരൻ, അച്ചാർ; വെറും പത്ത് രൂപ കൊടുത്താൽ ഊണ് റെഡി; ഇന്ന് മുതൽ

സാമ്പാർ, ഒഴിച്ചുകറി, തോരൻ, അച്ചാർ; വെറും പത്ത് രൂപ കൊടുത്താൽ ഊണ് റെഡി; ഇന്ന് മുതൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പത്ത് രൂപയ്ക്ക് ഇനി ഉച്ച ഭക്ഷണം കഴിക്കാം. കൊച്ചി കോർപറേഷന്റെ സ്വപ്നപദ്ധതിയായ സമൃദ്ധി @ കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടൽ ഇന്ന് വൈകീട്ട് നാലിന് സിനിമാതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. എറണാകുളം നോർത്ത് പരമാര റോഡിൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടലാണ് ഉദ്ഘാടന വേദി. ഇവിടെയുള്ള കേന്ദ്രീകൃത അടുക്കളയിലാണ് ആഹാരപദാർത്ഥങ്ങൾ പാകം ചെയ്യുന്നത് . മിതമായ നിരക്കിൽ നഗരത്തിൽ ഏവർക്കും ഭക്ഷണം ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ വർഷത്തെ കോർപറേഷൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിശപ്പ് രഹിത കൊച്ചി എന്ന ആശയം എൻയുഎൽഎം പദ്ധതി വഴിയാണ് നടപ്പാക്കുന്നത്. 1500 പേർക്ക് ഭക്ഷണം തയ്യാറാക്കാവുന്ന വിധത്തിലുളള ആധുനിക സംവിധാനങ്ങളോടു കൂടിയ കേന്ദ്രീകൃത കിച്ചനാണ് ഹോട്ടലിൽ തയ്യാറാക്കിയിട്ടുളളത്. ഇവിടേക്ക് ആവശ്യമായ 20 ലക്ഷം രൂപ ചെലവ് വരുന്ന സാമഗ്രികൾ മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പാണ് സംഭാവന ചെയ്തിരിക്കുന്നത്. സ്കൂൾ ഒഫ് ആർക്കിടെക്ട് (എസ്‌സിഎംഎസ്) ഹോട്ടലിന്റെ രൂപകൽപ്പന നിർവഹിച്ചു.

കൊച്ചി കോർപറേഷനിലെ കുടുംബശ്രീ പ്രവർത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തിൽ ഹോട്ടലിലെ തൊഴിലാളികൾ. സാമ്പാർ അല്ലെങ്കിൽ ഒരു ഒഴിച്ചുകറി, തോരൻ, അച്ചാർ എന്നിവയാണ് ഊണിനുള്ള വിഭവങ്ങൾ. സ്പെഷ്യൽ ആവശ്യമുള്ളവർക്ക് അതും ലഭിക്കും. അതിന് വേറെ കാശ് നൽകണമെന്നു മാത്രം. അധികം വൈകാതെ പ്രഭാതഭക്ഷണവും അത്താഴവും ഇവിടെ ലഭ്യമാകും. കുടുംബശ്രീ ഔട്ട്ലെറ്റുകൾ വഴി കേന്ദ്രീകൃത അടുക്കളയിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണം എത്തിക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. 

ജില്ല മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജൻസിയായ എഐഎഫ്ആർഎച്ച്എമ്മാണ് ജനകീയ ഹോട്ടൽ ജീവനക്കാർക്ക് പരിശീലനം നൽകിയത്. ഉദ്ഘാടന ചടങ്ങിൽ മേയർ എം അനിൽകുമാർ അധ്യക്ഷനാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com