'തെരഞ്ഞെടുപ്പുകളെ പണം സമാഹരിക്കാനുള്ള അവസരമാക്കി മാറ്റി' ; ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എ കെ നസീര്‍ ; പിന്നാലെ സസ്‌പെന്‍ഷന്‍ 

പാര്‍ട്ടിയുടെ പുതിയ നേതൃത്വം രാഷ്ട്രീയത്തെ ജീവിത മാര്‍ഗമായി ഉപയോഗപ്പെടുത്തുകയാണ്
കെ സുരേന്ദ്രൻ, എ കെ നസീർ / ഫയൽ
കെ സുരേന്ദ്രൻ, എ കെ നസീർ / ഫയൽ

തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് സാമ്പത്തിക സുതാര്യത ഇല്ലെന്നും, തെരഞ്ഞെടുപ്പിനെ പണം സമാഹരിക്കാനുള്ള അവസരമായി കണ്ടുവെന്നും നസീര്‍ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 

പാര്‍ട്ടിയുടെ പുതിയ നേതൃത്വം രാഷ്ട്രീയത്തെ ജീവിത മാര്‍ഗമായി ഉപയോഗപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പുകളെ ധനസമാഹരണത്തിനായി ഉപയോഗിക്കുന്നു. അത്തരം നേതാക്കളുടെ മുന്നില്‍ പാര്‍ട്ടി വളരില്ലെന്നും നസീര്‍ പറഞ്ഞു. 

ബിജെപിക്ക് സംസ്ഥാനത്ത് വളര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒപ്പം നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുമിച്ചുകൊണ്ടു പോകാനും ഒപ്പം നില്‍ക്കാനും സംഘടന ഇല്ലാത്ത അവസ്ഥയാണുള്ളത്. പുനഃസംഘടനയില്‍ പ്രമുഖ നേതാക്കളെ എല്ലാം വെട്ടിനിരത്തി. 

മെഡിക്കല്‍ കോഴ വിവാദത്തില്‍ സത്യസന്ധമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. അതിന് ശേഷമാണ് ഒതുക്കപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച നേതാക്കളെല്ലാം പുറത്തുപോയ ചരിത്രമാണ് ബിജെപിക്കുള്ളത്. റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് താന്‍ ഒതുക്കപ്പെട്ടതെന്നും നസീര്‍ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണനെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു. പാലാ ബിഷപ്പ് വിവാദത്തില്‍ എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് നേതൃത്വം ചെയ്തതെന്നും നസീര്‍ പറഞ്ഞു. 

വിമര്‍ശനങ്ങള്‍ക്ക് തൊട്ടുപിന്നാലെ എ കെ നസീറിനെ സസ്‌പെന്‍ഡ് ചെയ്തതായി പാര്‍ട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു. വയനാട് ജില്ലാ പ്രസിഡന്റിനെ മാറ്റിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ ബി മദന്‍ലാലിനെയും ബിജെപി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com