മലപ്പുറത്ത് പരക്കെ നാശനഷ്ടം; ആശുപത്രിയില്‍ വെള്ളം കയറി,രോഗികളെ ഒഴിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th October 2021 03:06 PM  |  

Last Updated: 12th October 2021 03:06 PM  |   A+A-   |  

Kerala_rain_EPS11

ഫയല്‍ ചിത്രം


മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മലപ്പുറം താനൂരില്‍ ആശുപത്രിയില്‍ വെള്ളം കയറി. താനൂരിലെ ദയ ആശുപത്രിയിലാണ് വെള്ളം കയറിയത്. ഇവിടെനിന്ന് രോഗികളെ മാറ്റുകയാണ്. മലപ്പുറത്ത് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

റോഡ് തകര്‍ന്ന് ടിപ്പര്‍ വീടിന് മുകളില്‍ വീണു. ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്. മണ്ണുമാന്തിയന്ത്രം കയറ്റിവന്ന ടിപ്പറാണ് മറിഞ്ഞത്. വീടിന് കേടുപാടുപറ്റി.ആളപായമില്ല.കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളം കയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞുതാണു

അതേസമയം, കേന്ദ്ര ജല കമ്മിഷന്‍ സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് നല്‍കി. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി ആറ് നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

കേരത്തില്‍ ഇത്തിക്കരയാറിലാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്.