ആശയക്കുഴപ്പം മാറി; മള്‍ട്ടിപ്ലെക്‌സ് ഉള്‍പ്പെടെ തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 02:32 PM  |  

Last Updated: 19th October 2021 02:32 PM  |   A+A-   |  

cinema theatre opening

പ്രതീകാത്മക ചിത്രം

 

കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ മള്‍ട്ടിപ്ലെക്‌സുകള്‍ അടക്കം എല്ലാ തിയറ്ററുകളും തുറക്കും. തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. നികുതി കുറയ്ക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന് തിയറ്റര്‍ ഉടമകളുടെ പ്രതിനിധികള്‍ വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്ച നടത്തും.

കോവിഡ് കേസുകള്‍ കുറഞ്ഞു

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തിയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ മാസം 25 മുതല്‍ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പകുതി സീറ്റുകളില്‍ ആളുകളെ ഇരുത്തി തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് അനുമതി നല്‍കിയത്. എന്നാല്‍ തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. നികുതി കുറയ്ക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചാല്‍ മാത്രമേ തിയറ്റുകള്‍ തുറക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു തിയറ്റര്‍ ഉടമകള്‍. ഇതിലാണ് മാറ്റം വന്നത്.

തിയറ്റര്‍ തുറക്കുന്നതുമായി മുന്നോട്ടുപോകാനാണ് തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. അതിനിടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്നും തിയറ്റര്‍ ഉടമകള്‍ കരുതുന്നു.