മൂന്ന് മണിക്കൂറില്‍ ശക്തമായ കാറ്റും മഴയും; കൊല്ലം മുതല്‍ കോഴിക്കോട് വരെ ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2021 08:25 PM  |  

Last Updated: 20th October 2021 08:25 PM  |   A+A-   |  

rain in kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍  കേരളത്തില്‍  കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, എറണാകുളം,പാലക്കാട്,  മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ  ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടികൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള -ലക്ഷദ്വീപ്  തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള ലക്ഷദ്വീപ് തീരങ്ങളില്‍  മണിക്കൂറില്‍ 40 മുതല്‍ 50  കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒക്ടോബര്‍ 24 വരെ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴ

കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയോര മേഖലകളില്‍ താമസിക്കുന്നവരും ദുരന്തബാധിത പ്രദേശങ്ങളില്‍ കഴിയുന്നവരും ജാഗ്രത പുലര്‍ത്തണം.

തെക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 24 വരെ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും സംസ്ഥാന സേനകളെ കൂടാതെ ദേശീയ സേനകളെയും വിന്യസിച്ചിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്യാമ്പുകളില്‍ ആന്റിജന്‍ പരിശോധന നടത്തും. എല്ലാവരും മാസ്‌ക് ധരിക്കണം. ഭക്ഷണം കഴിക്കുന്നത് അകന്ന് ഇരുന്ന് വേണം. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കും. 

വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്നതിനായി ജനമൈത്രി പൊലീസിന്റെയും സ്റ്റുഡന്റ് പൊലീസിന്റെയും സേവനം ഉപയോഗപ്പെടുത്തും. വിവിധ പ്രദേശങ്ങളിലായി 7800 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ടെന്നാണ് വിവരം. ഇത് ഇനിയും വര്‍ധിപ്പിക്കണം. ദുരന്ത ബാധിത പ്രദേശങ്ങളില്‍ പൊതുജനങ്ങളുടെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ഇക്കാര്യത്തില്‍ പൊലീസ് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.