ഹെൽമെറ്റ് ധരിക്കാത്തതിന് പിഴയിട്ടു, എസ്ഐ സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത് യുവാവ്; പൊലീസ് കേസെടുത്തു

ആദ്യം സീറ്റ് ബെല്‍റ്റ് ധരിച്ചിട്ട് മറ്റുള്ളവര്‍ക്ക് പിഴ ഈടാക്കൂവെന്നും വീഡിയോയില്‍ പറയുന്നുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിനു പിന്നാലെ എസ്ഐ സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത യുവാവിന് എതിരെ കേസ്. വൈക്കം ഉദയനാപുരം വലിയതറയില്‍ ബിനോയ്ക്ക് (45) എതിരെയാണ് ഉദയംപേരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസിനോട് കയർത്തു സംസാരിച്ചതിനാണ് കേസ്. 

പൊലീസിന്റെ വിഡിയോ പകർത്തി പ്രചരിപ്പിച്ചു

സൗത്ത് പറവൂരിലെ ബിനോയിയുടെ കടയുടെ സമീപത്തുവെച്ചായിരുന്നു പൊലീസ് പിഴ ഈടാക്കിയത്. വൈക്കത്തു നിന്നും പറവൂരിലേക്ക് വരികയായിരുന്ന ബിനോയി ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചുവന്നുവെന്നാരോപിച്ചായിരുന്നു പിഴ ഈടാക്കിയത്. അതിനു പിന്നാലെ വിഡിയോ പകർത്തിക്കൊണ്ട് ബിനോയ് പൊലീസിനോട് കയർക്കുകയായിരുന്നു. പൊലീസ് വാഹനത്തിലുണ്ടായിരുന്ന എസ്ഐ സാബു സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നാരോപിച്ച് ബിനോയി ഇത് ചോദ്യം ചെയ്യുകയും ചെയ്തു. പിഴ കോടതിയില്‍ അടച്ചുകൊള്ളാമെന്നും ആദ്യം സീറ്റ് ബെല്‍റ്റ് ധരിച്ചിട്ട് മറ്റുള്ളവര്‍ക്ക് പിഴ ഈടാക്കൂവെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. 

പിഴയിട്ടത് ഹെൽമെറ്റ് മാറ്റിയപ്പോൾ

സംഭവത്തില്‍ ഇയാള്‍ക്കെതിരേ കേസെടുത്തെന്നും സ്റ്റേഷനില്‍ ഹാജരാകുന്നതിനായി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഉദയംപേരൂര്‍ സി.ഐ.ബാലന്‍ പറഞ്ഞു. താന്‍ ഹെല്‍മെറ്റ് വെച്ചിരുന്നെന്നും കടയിലെത്തി ബൈക്കില്‍ നിന്നും ഇറങ്ങുന്ന സമയം ഹെല്‍മെറ്റ് മാറ്റിയപ്പോഴാണ് പൊലീസ് എത്തിയതെന്നും പിഴ ഈടാക്കിയതെന്നുമാണ് ബിനോയുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com