ചരിത്രനേട്ടവുമായി ഇന്ത്യ; 279 ദിവസം, വാക്‌സിനേഷന്‍ നൂറ് കോടി കടന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 10:02 AM  |  

Last Updated: 21st October 2021 10:15 AM  |   A+A-   |  

vaccine policy

ഫയല്‍ ചിത്രം/പിടിഐ

 

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനില്‍ ചരിത്രനേട്ടംകുറിച്ച് ഇന്ത്യ. രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുട എണ്ണം നൂറ് കോടി കടന്നു. 275 ദിവസം കൊണ്ടാണ് 100 കോടി ഡോസ് വിതരണം ചെയ്തത്. ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ.

ഈ വേളയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എംഎല്‍ ആശുപത്രിയിലെത്തി. ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും ആരോഗ്യപ്രവര്‍ത്തകരെ അഭിന്ദിച്ച് രംഗത്തെത്തി. ഇത് പ്രധാനമന്ത്രിയുടെ നേട്ടമാണെന്ന് അവകാശപ്പെടുകയും ചെയ്തു. നൂറ് കോടി വാക്‌സിന്‍ പിന്നിട്ട പശ്ചാത്തലത്തില്‍ വലിയ പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു സെക്കന്റില്‍ 700 ഡോസ് വാക്‌സിനേഷന്‍ നല്‍കിയാണ് രാജ്യം ഇന്ന് ഈ നേട്ടം കൈവരിച്ചത്. ഉത്തര്‍പ്രദേശില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത്.

ഇതില്‍ 75 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചവരും 34 ശതമാനം പേര്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്.നിലവില്‍ ലഭ്യമായ ഡാറ്റ പ്രകാരം, മൊത്തം വാക്‌സിന്‍ ഡോസിന്റെ 65 ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലാണ് നല്‍കിയിരിക്കുന്നത്. ഇത് വാക്സിന്‍ ലഭ്യതയിലെ തുല്യത സൂചിപ്പിക്കുന്നതാണ്. ആഗോളതലത്തില്‍ വാക്‌സിന്‍ അസമത്വത്തെക്കുറിച്ച് പൊതുജനാരോഗ്യ വിദഗ്ധര്‍ ആശങ്ക ഉയര്‍ത്തുന്നതിന് നേര്‍ വിപരീതമായ കണക്കാണിത്, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ വെറും 3 ശതമാനം ആളുക്കാണ് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചത് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ രണ്ടാമത്തെ ഡോസ് നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഔദ്യോഗിക കണക്ക് പ്രകാരം നിലവില്‍ ആറ് സംസ്ഥാനങ്ങള്‍ ആറ് കോടി ഡോസിലധികം വിതരണം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് (12.08 കോടി), മഹാരാഷ്ട്ര (9.23 കോടി), പശ്ചിമ ബംഗാള്‍ (6.82 കോടി), ഗുജറാത്ത് (6.73 കോടി), മധ്യപ്രദേശ് (6.67 കോടി), ബീഹാര്‍ (6.30 കോടി), കര്‍ണാടക (6.13 കോടി), രാജസ്ഥാന്‍ (6.07 കോടി) എന്നീ സംസ്ഥാനങ്ങളാണ് ആറ് കോടി കടന്നത്.

ജനുവരി 16നാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും നല്‍കിയ ശേഷം മാര്‍ച്ച് ഒന്ന് മുതലാണ് 65 വയസിനു മുകളില്‍ ഉള്ളവര്‍ക്കും പിന്നീട് ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍ക്കും വാക്സിന്‍ നല്‍കിയത്. മെയ് ഒന്ന് മുതല്‍ 18 വയസിനു മുകളില്‍ ഉള്ളവര്‍ക്കും വാക്സിന്‍ നല്‍കി തുടങ്ങി.