ഷോപ്പുകളില്‍ ക്യൂ വേണ്ട; പരിഷ്‌കാരം ഒരു കാലിലെ മന്ത് അടുത്ത കാലിലേക്ക് മാറ്റിയതുപോലെ ആകരുത് ; ബെവ്‌കോക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

സംസ്ഥാനത്ത് സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയമായെന്ന് കോടതി അഭിപ്രായപ്പെട്ടു
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി : ബിവറേജസ് ഷോപ്പുകളിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി. നയപരമായ മാറ്റം ആവശ്യമാണ്. മറ്റു കടകളിലേതു പോലെ കയറി ഇറങ്ങാവുന്ന സംവിധാനം ആക്കിക്കൂടേയെന്നും കോടതി ചോദിച്ചു. സംസ്ഥാനത്ത് സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. 

കോടതി നിര്‍ദേശപ്രകാരം 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരിഷ്‌കാരങ്ങള്‍ ഒരു കാലിലെ മന്ത് അടുത്ത കാലിലേക്ക് മാറ്റിയതുപോലെ ആകരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. ബിവറേജസ് കോര്‍പ്പറേഷന്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം. 

നിലവാരം മെച്ചപ്പെടുത്തണം

കേസില്‍ എക്‌സൈസ് കമ്മീഷണറെയും ബെവ്‌കോ സിഎംഡിയേയും കോടതി നേരത്തെ കക്ഷി ചേര്‍ത്തിരുന്നു. സൗകര്യമില്ലാത്ത ബെവ്‌കോ ഷോപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്നും നിലവാരം മെച്ചപ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിന്റെ പുരോഗതി കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. 

നയപരമായ മാറ്റം വേണം

ഇതിനുള്ള മറുപടിയിലാണ് 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചതായും 33 കടകള്‍ അപ്‌ഗ്രേഡ് ചെയ്തതായും ബെവ്‌കോ അറിയിച്ചു. ആരും തങ്ങളുടെ വീടിന് സമീപത്ത് ബെവ്‌കോ ഔട്ട്‌ലെറ്റ് വരണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനാല്‍ നയപരമായ മാറ്റമാണ് വേണ്ടത്. 

ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. അനിയന്ത്രിതമായ ക്യൂ ഉണ്ടാകരുത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മദ്യശാലകള്‍ക്ക് മുന്നിലൂടെ കടന്നുപോകാവുന്ന അവസ്ഥ നിലവിലില്ല. ഈ സാഹചര്യം മാറണമെന്നും കോടതി അഭിപ്രായപ്പെട്ടു. സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്നും, റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com