ജ്വല്ലറിയുടെ ചുമര് തുരന്നു; ഗ്യാസ് കട്ടര്‍ കൊണ്ട് ലോക്കര്‍ തകര്‍ത്തു, നാലു കോടിയുടെ കവര്‍ച്ച: പ്രതികള്‍ കുറ്റക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2021 09:00 PM  |  

Last Updated: 23rd October 2021 09:00 PM  |   A+A-   |  

jwellery

കേസിലെ പ്രതികള്‍

 

ചാലക്കുടി: ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 15 കിലോ സ്വര്‍ണം അടക്കം 4 കോടിരൂപയുടെ കവര്‍ച്ച നടത്തിയ കേസില്‍ നാലുപ്രതികള്‍ കുറ്റക്കാരാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വന്‍ കവര്‍ച്ച നടത്തിവന്നിരുന്ന ഹോളിഡേ റോബേഴ്‌സ് സംഘത്തിലെ പ്രധാനികളെയാണ് ചാലക്കുടി ഡി വൈ എസ് പി ആയിരുന്ന സി എസ് ഷാഹുല്‍ ഹമീദും സംഘവും ചേര്‍ന്ന് ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഉള്‍ഗ്രാമങ്ങളില്‍ നിന്നായി പിടികൂടി നാട്ടിലെത്തിച്ചത്.  

ഉത്തരേന്ത്യന്‍ കൊള്ളക്കാരുടെ ആസ്ഥാന ഗ്രാമങ്ങളിലേക്ക് പൊലീസ് നടത്തിയ യാത്ര ഒരു ത്രില്ലര്‍ സിനിമ കഥ പോലെയാണ്. പ്രതികളെ പിടികൂടി കേരളത്തിലെത്തിക്കുന്നതുവരെ പൊലീസ് സംഘം അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയിലായിരുന്നു മറ്റു സംസ്ഥാനങ്ങളിലെ പൊലീസുകാരെ തോക്കുകൊണ്ട് നേരിട്ട ചരിത്രമുള്ള  ഈ കൊള്ള സംഘത്തിന് കേരള പൊലീസിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. 

ബീഹാറിലെ കത്തിഹാര്‍, ജാര്‍ഖണ്ഡിലെ സാഹിബ് ഗഞ്ച്, പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് ജില്ലകളിലെ ഗ്രാമങ്ങളിലേക്കാണ് പൊലീസ് സംഘം ആദ്യം യാത്രതിരിച്ചത്. പൊലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ആ സമയം തന്നെ ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും രക്ഷപ്പെടാനായി ഗ്രാമീണരുടെ ഒത്താശയോടെ കൊള്ള സംഘത്തിന് എളുപ്പമാണ്. 

ഉത്തരേന്ത്യന്‍ സംഘം ആണ് കവര്‍ച്ചയ്ക്ക് പിന്നില്‍ എന്ന ഏകദേശധാരണയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സംഘത്തിന്റെ യാത്ര. ചില ഉത്തരേന്ത്യന്‍ സംഘങ്ങള്‍ കേരളത്തില്‍ വന്നു മടങ്ങിയതായുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ ആണ് ആദ്യം ജാര്‍ഖണ്ഡിലെ സാഹിബ് ഗഞ്ച് ജില്ലയില്‍ പൊലീസ് എത്തുന്നത്. സാഹിബ് ഗഞ്ചില്‍ നിന്ന് ബിഹാറിലെ കത്തിഹാറിലേക്ക് ഏകദേശം150 കിലോമീറ്റര്‍ ദൂരമുണ്ട്  റോഡുകള്‍ പോലും ഇല്ലാത്ത അവസ്ഥ. മണിക്കൂറുകള്‍ നീണ്ട യാത്ര വേണം അവിടെ എത്തുവാന്‍. ജാര്‍ഖണ്ഡിലെ ക്വാറികളില്‍ നിന്ന് പാറക്കല്ലുകള്‍ കൊണ്ടുപോകുന്ന ഫെറിയില്‍ കയറി ഗംഗാനദി കടന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് സംഘം കത്തിഹാറിലെത്തി. നേപ്പാളിലേക്ക് ഭാര്യ വീട്ടിലേക്ക് കുടുംബമടക്കം കടക്കുവാന്‍ തയ്യാറായിരിക്കുന്ന ഒന്നാംപ്രതി അശോക് ബാരികിനെ പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന കൊള്ളയുടെ ചുരുളഴിഞ്ഞത്. 

ആദ്യഘട്ടത്തില്‍  പൊലീസുമായി സഹകരിക്കാതിരുന്ന അശോക് ബാരിക് ശാസ്ത്രീയമായ ചോദ്യം ചെയ്യലിനിടെയാണ് മറ്റു പ്രതികളെക്കുറിച്ച് സൂചന നല്‍കിയത്. രണ്ടുമാസത്തോളം അവിടെ ക്യാമ്പ് ചെയ്താണ് മറ്റുള്ള പ്രതികളെ പൊലീസിന് പിടികൂടാനായത്. ഈ കൊള്ളസംഘത്തിന് ഹോളിഡേ റോബേഴ്‌സ് എന്ന പേരു വന്നതിലും കാരണമുണ്ട്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ക്ക് മുന്നോടിയായുള്ള ദിവസത്തിലാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത് കൊള്ള ചെയ്ത മുതലുകളുമായി സംസ്ഥാനം വിട്ട് മറ്റുള്ള സംസ്ഥാനങ്ങളില്‍ പ്രവേശിക്കുവാന്‍ കഴിയും എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരം ദിവസങ്ങള്‍ തിരഞ്ഞെടുക്കുന്നത്.