മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം ; ആശങ്ക സര്‍ക്കാരിനെ അറിയിച്ചു : ഗവര്‍ണര്‍

ജലതര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും, പരിഹാരം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 

നിലവിലെ അണക്കെട്ട് പഴയതാണ്. പുതിയ ഡാം വേണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പോസിറ്റീവായ മനോഭാവവും, പോസിറ്റീവായ സമീപനവും വഴി ഫലപ്രദമായ തീരുമാനം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ജലതര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം സംസ്ഥാനത്ത് സജീവമായി ഉയരുന്നതിനിടെയാണ്, ഗവര്‍ണര്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്.
 

ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടിയിലേക്ക് ഉയരുകയാണ്. 137.55 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സ്പില്‍വേ വഴി ജലം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജലവിഭവ വകുപ്പ് തമിഴ്‌നാട് സര്‍ക്കാരിന് കത്തു നല്‍കി. തമിഴ്‌നാട് പൊതുമരാമത്തു വകുപ്പിനാണ് കത്തു നല്‍കിയത്. 
തുലാവര്‍ഷം എത്തുമ്പോള്‍ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ ഇടയുണ്ട്. അനിയന്ത്രിതമായ അളവില്‍ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. 

രണ്ടാമത്തെ അറിയിപ്പ്

ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിലെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് നല്‍കും. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്നും, ജലനിരപ്പ് താഴ്ത്തണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നേരത്തെ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. 

കലക്ടര്‍ വിളിച്ച ഉന്നതതലയോഗം ഇന്ന്

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. 11 മണിക്ക് വണ്ടിപ്പെരിയാറിലാണ് യോഗം ചേരുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പെരിയാര്‍ തീരത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. 

സ്ഥിതി  വിലയിരുത്താന്‍ മേല്‍നോട്ട സമിതി യോഗം

അതിനിടെ, മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയും ഇന്ന് യോഗം ചേരും. ഉച്ചയ്ക്ക് മൂന്നുമണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്. ജലനിരപ്പ് എത്രവരെ ആകാമെന്ന് അറിയാക്കാന്‍ മേല്‍നോട്ട സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് എഞ്ചിനീയര്‍മാര്‍, കേന്ദ്ര ജലക്കമ്മീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ അടിയന്തര നടപടി വേണമെന്ന് കേരളം ആവശ്യപ്പെടും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com