വ്യത്യസ്ത പാർട്ടി കൊടികൾ പിടിച്ചു അവർ ഒന്നാകുന്നു; വരൻ കെഎസ്‌യു ജില്ലാ പ്രസിഡന്റ്, വധു എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗം

വ്യത്യസ്ത പാർട്ടി കൊടികൾ പിടിച്ചു അവർ ഒന്നാകുന്നു; വരൻ കെഎസ്‌യു ജില്ലാ പ്രസിഡന്റ്, വധു എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗം
ഐഫ അബ്ദുറഹ്മാനും വിടി നിഹാലും/ ഫോട്ടോ: ഫെയ്സ്ബുക്ക്
ഐഫ അബ്ദുറഹ്മാനും വിടി നിഹാലും/ ഫോട്ടോ: ഫെയ്സ്ബുക്ക്

കോഴിക്കോട്: ഒരാൾ കെഎസ്‌യു ജില്ലാ പ്രസിഡന്റ്, മറ്റൊരാൾ എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റിയം​ഗം. പ്രത്യയ ശാസ്ത്രങ്ങൾ രണ്ട് ധ്രുവങ്ങളിലാണെങ്കിലും വ്യത്യസ്ത പാർട്ടി കൊടികൾ പിടിച്ചു തന്നെ അവർ ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിടി നിഹാലും എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗം ഐഫ അബ്ദുറഹ്മാനുമാണ് വിവാഹിതരാകുന്നത്. നിശ്ചയം കഴിഞ്ഞു. അടുത്ത വർഷമാണ് വിവാഹം.

കോഴിക്കോട് ലോ കോളജിലെ വിദ്യാർത്ഥികളായിരുന്നു നിഹാലും ഐഫയും. നിഹാൽ അവസാന വർഷ എൽഎൽബി വിദ്യാർത്ഥിയായിരുന്നപ്പോഴാണ് ഐഫ പഞ്ചവത്സര എൽഎൽബി ഒന്നാം വർഷ വിദ്യാർത്ഥിയായി എത്തുന്നത്. എസ്എഫ്ഐയിൽ ചേർന്ന ഐഫ കോളജ് യൂണിയൻ ജോയിന്റ് സെക്രട്ടറിയും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായി. നിഹാൽ കെഎസ്‌യു ജില്ലാ പ്രസിഡന്റും ഐഫ എസ്എഫ്ഐ വനിതാ വിഭാഗമായ മാതൃകത്തിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായി. 

ലോ കോളജിലെ സംഘടാനപ്രവർത്തകർ എന്ന നിലയിൽ പരിചയമുണ്ടായിരുന്നെങ്കിലും അതു പ്രണയമായി വളർന്നിരുന്നില്ലെന്ന് ഇരുവരും പറയുന്നു.

പഠനത്തിനു ശേഷം 2018ൽ നിഹാൽ ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 2021ൽ കോഴ്സ് പൂർത്തിയാക്കി മൂന്ന് മാസം മുൻപ് ഐഫയും ജില്ലാ കോടതിയിൽ എത്തിയതോടെ പരിചയം വളർന്നു. ഐഫയുടെ ബന്ധു വഴിയാണ് വിവാഹ ആലോചന എത്തിയത്.

രാഷ്ട്രീയം പ്രശ്നമാകുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും തുറന്നു സംസാരിച്ചപ്പോൾ അതൊരു തടസമേയല്ലെന്നു തിരിച്ചറിഞ്ഞെന്നു നിഹാൽ പറയുന്നു. വിവാഹം കഴിഞ്ഞാലും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങളിൽ മാറ്റം വരുത്താനില്ലെന്നാണ് ഇരുവരുടെയും തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com