മന്ത്രി ദേവര്‍കോവില്‍ സഭയില്‍ പറഞ്ഞതും വകുപ്പിന്റെ വിവരാവകാശ മറുപടിയും രണ്ടുവിധം; കേന്ദ്ര ഫണ്ടും സ്വകാര്യ സ്ഥാപനത്തിനു കരാര്‍ നല്‍കിയതും മറച്ചുവച്ചു

By പി എസ് റംഷാദ്‌  |   Published: 27th October 2021 12:11 PM  |  

Last Updated: 27th October 2021 12:11 PM  |   A+A-   |  

contradiction in ahmed devarkovil`s replay

അഹമ്മദ് ദേവര്‍കോവില്‍/ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: ചരിത്ര രേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പുരാരേഖാ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയും വകുപ്പ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയും തമ്മില്‍ വസ്തുതാപരമായ വലിയ വ്യത്യാസം. പുരാരേഖാ വകുപ്പില്‍ ഇതുസംബന്ധിച്ചു വിവാദം പുകയുകയാണ്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിമിനു രേഖാമൂലം നല്‍കിയ മറുപടികളും കഴിഞ്ഞ മാസം 16ന് മലയാളം വാരികയ്ക്കു വകുപ്പു നല്‍കിയ മറുപടികളും തമ്മിലാണു വ്യത്യാസം. ഒരേ ചോദ്യങ്ങള്‍ക്കു നല്‍കിയ ഈ വ്യത്യസ്ത മറുപടികള്‍ ഒരേസമയം നിയമസഭയുടെ അവകാശത്തെയും പാര്‍ലമെന്റു പാസ്സാക്കിയ വിവരാവകാശ നിയമത്തെയും അവഹേളിക്കുന്നതാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ പുരാരേഖാ ഡയറക്ടറോടു സര്‍ക്കാര്‍ വിശദീകരണം തേടിയേക്കും.

ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് പുരാരേഖാ വകുപ്പും സി ഡിറ്റും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള ജോലികള്‍ തുടങ്ങിയത് എന്നു മുതലാണ് എന്ന ചോദ്യത്തിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി, 2020 ആഗസ്റ്റ് 19 മുതല്‍ എന്നാണ്. എന്നാല്‍ 2010 ഫെബ്രുവരിയില്‍ സി ഡിറ്റിനെ ചുമതലപ്പെടുത്തി എന്നാണ് സഭയില്‍ നല്‍കിയ മറുപടി. ഈ ജോലികള്‍ സി ഡിറ്റ് നേരിട്ടാണോ ചെയ്തത് എന്ന ചോദ്യത്തിനു നല്‍കിയ മറുപടിയിലെ ഗുരുതരമായ മറച്ചുവയ്ക്കല്‍ മലയാളം വാരിക പുറത്തുകൊണ്ടുവന്നിരുന്നു. സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റുമായി കരാറില്‍ ഏര്‍പ്പെട്ട് വകുപ്പ് സി ഡിറ്റ് മുഖാന്തിരം ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു എന്നായിരുന്നു വാരികയ്ക്കു നല്‍കിയ മറുപടി. എന്നാല്‍ അതിനു പുറമേ അറ്റ്‌ലിയര്‍ ഔട്ട്‌സോഴ്‌സിംഗ് സൊല്യൂഷന്‍സ് എന്ന സ്വകാര്യ സ്ഥാപനത്തെയും ഡിജിറ്റൈസേഷന്‍ ജോലികള്‍ ഏല്‍പ്പിച്ചിരുന്നു എന്നാണ് മലയാളം വാരിക റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ നിയമസഭയ്ക്കു നല്‍കിയ മറുപടിയില്‍ ആ സ്ഥാപനത്തിന്റെ പേരുകൂടി ഉള്‍പ്പെടുത്തേണ്ടി വന്നു. 2018 നവംബര്‍ 11ന് അറ്റ്‌ലിയര്‍ ഔട്ട്‌സോഴ്‌സിംഗ് സൊല്യൂഷന്‍സിനെ ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു എന്നാണ് മറുപടി.

സംസ്ഥാന ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും ഇതുവരെ എത്ര പേജുകള്‍ ഡിജിറ്റൈസ് ചെയ്തു എന്ന വിവരാവകാശ ചോദ്യത്തിന്, ഡയറക്ടറേറ്റിലും സെന്‍ട്രല്‍ ആര്‍ക്കൈവ്‌സിലും കൂടി 52,00154 പേജുകളും എറണാകുളം മേഖലാ ആര്‍ക്കൈവ്‌സില്‍ 10,30,000 പേജുകളും കോഴിക്കോട് മേഖലാ ആര്‍ക്കൈവ്‌സില്‍ 6,75,000 പേജുകളും പേപ്പര്‍ ഡോക്യുമെന്റുകള്‍ ഡിജിറ്റൈസ് ചെയ്തു എന്ന മറുപടിയാണു നല്‍കിയത്. എന്നാല്‍ ഡയറക്ടറേറ്റിലും തിരുവനന്തപുരത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സിലും കൂടി 71,40,220 പേജ് പേപ്പര്‍ റിക്കാര്‍ഡുകള്‍ ഡിജിറ്റൈസ് ചെയ്തു എന്നാണ് സഭയിലെ മറുപടിയില്‍ അവകാശപ്പെടുന്നത്. 1,940,066 രേഖകളുടെ വ്യത്യാസം. എറണാകുളം മേഖലാ ആര്‍ക്കൈവ്‌സില്‍ 1,25,000 പേജ് ചുരുണ ഓലകള്‍ ഡിജൈറ്റ്‌സ് ചെയ്തു എന്നാണ് വിവരാവകാശ മറുപടിയെങ്കിലും മന്ത്രി നിയമസഭയില്‍ പറഞ്ഞപ്പോള്‍ അത് താളിയോല റിക്കാര്‍ഡ്‌സ് എന്നും ചുരുണ എന്നും ആശയക്കുഴപ്പമുണ്ടാക്കുന്ന വിധമായി.

ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് സി ഡിറ്റിന് എത്ര രൂപയാണ് നല്‍കിയത് എന്ന ചോദ്യത്തിന് 10,12,39,251 രൂപ (പത്തുകോടി പന്ത്രണ്ടു ലക്ഷത്തി  മുപ്പത്തിഒമ്പതിനായിരത്തി ഇരുന്നൂറ്റി അന്‍പത്തിയൊന്ന് രൂപ) എന്നായിരുന്നു മറുപടി. കേന്ദ്രഫണ്ട് ഉണ്ടോ എന്നു ചോദിച്ചെങ്കിലും ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രഫണ്ട് ഒന്നുംതന്നെ വിനിയോഗിക്കുന്നില്ല എന്നു സംശയരഹിതമായ മറുപടിയാണ് കിട്ടിയത്. എന്നാല്‍ സഭയില്‍ മന്ത്രിയെക്കൊണ്ടു പറയിച്ച മറുപടിയില്‍ ഇതു പാടേ മാറി. കേന്ദ്ര ഫണ്ട് ഉണ്ടെന്നും സമ്മതിച്ചു. അത് ഇങ്ങനെയാണ്: 10,44,16,776 (പത്തു കോടി നാല്‍പ്പത്തിനാലു ലക്ഷത്തി പതിനായിരത്തി എഴുന്നൂറ്റി  എഴുപത്തിയാറു രൂപ)യാണ് ആകെ അനുവദിച്ചത്. കേന്ദ്ര ഗ്രാന്റായി 1,86,22,061 ( ഒരുകോടി എണ്‍പത്തിയാറു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അറുപത്തിയൊന്ന് ) രൂപ, സംസ്ഥാന ഫണ്ട് 8,57,94,715 ( എട്ടുകോടി അമ്പത്തിയേഴു ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി എഴുന്നൂറ്റിപ്പതിനഞ്ച്) രൂപ, ആകെ ചെലവഴിച്ചത് 9,37,80,450 (ഒമ്പതു കോടി മുപ്പിത്തിയേഴു ലക്ഷത്തി എണ്‍പതിനായിരത്തി നാനൂറ്റി അമ്പത്) രൂപ. കേന്ദ്ര ഗ്രാന്റ് 1,86,22,061, സംസ്ഥാന ഫണ്ട് 7,51,58,389 എന്ന് അവസാനവരിയില്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്.

ഇതുവരെ ഓരോ ഓഫീസിലും ഗവേഷകര്‍ക്കു ലഭ്യമാക്കാന്‍ പാകത്തില്‍ എത്ര ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാക്കി, ഇവ ഓണ്‍ലൈനില്‍ ലഭ്യമാണോ എന്ന വിവരാവകാശ ചോദ്യത്തിന്, ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി നടന്നുവരികയാണെനന്നും ഡിജിറ്റല്‍ രൂപത്തിലാക്കിയ രേഖകള്‍ വകുപ്പിന്റെ വിവിധ ഓഫീസുകളിലെ സെര്‍വറിലും ഹാര്‍ഡ് ഡിസ്‌കിലുമായി സൂക്ഷിച്ചുവരുന്നു എന്നും മറുപടി നല്‍കി. ''അവയുടെ സംഭരണ ശേഷി അപര്യാപ്തമായതിനാലും രേഖകളുടെ സംരക്ഷണം കൂടുതല്‍ ഉറപ്പാക്കുന്നതിനുമായി ഈ ഡാറ്റ ഐടി മിഷന്‍ മുഖേന ഡാറ്റാ സെന്ററില്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം നടപ്പാക്കി വരികയാണ്. ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ സര്‍ക്കാരിന്റെ അനുമതിയോടെ അത് ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വകുപ്പില്‍ സ്വീകരിച്ചുവരുന്നു. ഇതിലേയ്ക്കായി പ്രത്യേക സോഫ്റ്റുവെയര്‍ ആവശ്യമാണ്. അത് തയ്യാറാക്കുന്നതിനും ഓണ്‍ലൈനായി ആവശ്യക്കാര്‍ക്കു ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ നടന്നു വരുന്നു'' എന്നും വിശദീകരിച്ചു. എന്നാല്‍ നിയമസഭയിലെ മറുപടിയുടെ തുടക്കം തന്നെ രേഖകള്‍ ഓണ്‍ലൈനില്‍ ഇപ്പോള്‍ ലഭ്യമല്ല എന്നാണ്.


യഥാര്‍ത്ഥത്തില്‍ സി ഡിറ്റുമായി വര്‍ഷങ്ങള്‍ക്കു മുമ്പേ കരാറുണ്ടാക്കിയിട്ടുണ്ടെന്നും അതിനു തെളിവുകളുണ്ടെന്നും മലയാളം വാരിക ചൂണ്ടിക്കാണിച്ചിരുന്നു. 2016-17ലും 2017-18ലുമുള്ള കരാറുകളുടെയും അതുപ്രകാരം വന്‍തുക നല്‍കിയതിന്റെയും വിശദാംശങ്ങള്‍ അടങ്ങുന്ന സിഎജി റിപ്പോര്‍ട്ടിലെ ഉള്ളടക്കവും പ്രസിദ്ധീകരിച്ചു. ഡിജിറ്റൈസേഷന്‍ ഇതുവരെ ഒന്നുമായില്ല എന്നതിന്റെ തെളിവു കൂടിയാണ് സിഎജിയുടെ കണ്ടെത്തലുകള്‍. അറ്റ്‌ലിയര്‍ ഔട്ട്‌സോഴ്‌സിംഗ് സൊല്യൂഷന്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ഡിജിറ്റൈസേഷന്‍ കരാര്‍ നല്‍കിയതിന്റെയും പണം നല്‍കിയതിന്റെയും വിശദാംശങ്ങളും സിഎജി റിപ്പോര്‍ട്ടിലുണ്ട്. അത് മലയാളം വാരിക പുറത്തുവിട്ടതോടെയാണ് നില്‍ക്കക്കള്ളിയില്ലാതെ പുരാരേഖാ വകുപ്പിന് നിയമസഭയില്‍ മന്ത്രിയെക്കൊണ്ട് അതു സമ്മതിപ്പിക്കേണ്ടിവന്നത്. എന്നാല്‍ അദ്ദേഹം നല്‍കിയ മറ്റുമറുപടികളില്‍ ആശയക്കുഴപ്പം തുടരുകയും ചെയ്യുന്നു.