ഇനി പാമ്പിനെ പിടിക്കില്ല;ഉത്രയുടെ കുടുംബത്തെ കണ്ട് കാല്‍ക്കല്‍വീണ് മാപ്പുപറയും; സുരേഷ്
By സമകാലിക മലയാളം ഡെസ്ക് | Published: 27th October 2021 11:55 AM |
Last Updated: 27th October 2021 11:55 AM | A+A A- |

ഉത്രവധക്കേസിലെ മാപ്പുസാക്ഷി സുരേഷ്/ ടെലിവിഷന്‍ ചിത്രം
കൊല്ലം: പതിനേഴ് മാസത്തെ ജയില്‍ ജീവിതത്തിന് ശേഷം ഉത്രവധക്കേസിലെ മാപ്പുസാക്ഷി സുരേഷ് ജയില്‍മോചിതനായി. ഉത്രയുടെ കുടുംബത്തെക്കണ്ട് മാപ്പു പറയുമെന്നും ഇനിയൊരിക്കലും പാമ്പിനെ പിടിക്കില്ലെന്നും സുരേഷ് പറഞ്ഞു. കോടതിയില്‍ കാര്യങ്ങളെല്ലാം ബോധിപ്പിച്ചു. പാമ്പിനെ വിറ്റവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയിരുന്നതായും സുരേഷ് പറഞ്ഞു
ഉത്രയെ കൊല്ലാനാണ് സൂരജ് തന്റെ കൈയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയിരുന്നതെന്ന് അറിഞ്ഞിരുന്നില്ല. സൂരജിന് അനുകൂലമായി കോടതിയില്‍ പറയണമെന്ന് നിരന്തരം മറ്റു തടവുകാരോടു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും കാര്യങ്ങളെല്ലാം സത്യസന്ധമായി കോടതിയെ ബോധിപ്പിച്ചതായും സുരേഷ് പറഞ്ഞു. കേസില്‍ മാപ്പുസാക്ഷിയായിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് മോചിതനായത്.
സുരേഷ് പ്രതിയായ വനംകേസുകളില്‍ പുനലൂര്‍ കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചിരുന്നു. ഇനി ഉത്രയുടെ കുടുംബത്തെ കണ്ട് മാപ്പ് പറയാനാണ് സുരേഷിന്റെ തീരുമാനം. 'ഉത്രയുടെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും കാല്‍ക്കല്‍ വീണ് എനിക്ക് മാപ്പ് ചോദിക്കണം' നിറകണ്ണുകളോടെ സുരേഷ് പറഞ്ഞു.
ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ ശിക്ഷാവിധി വന്നെങ്കിലും സൂരജും സുരേഷും പ്രതികളായ വനംവകുപ്പിന്റെ കേസ് നടപടികള്‍ കോടതിയില്‍ തുടരുകയാണ്.