'പാര്‍ട്ടി പെരുമാറ്റച്ചട്ടം ആര് ലംഘിച്ചാലും അത് പറയും'; ഡി രാജയ്ക്ക് എതിരായ പരാമര്‍ശത്തില്‍ ഉറച്ച് കാനം

കെ ഇ ഇസ്മായിലിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കത്തയച്ചതിനെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പോസ്റ്റ് ഓഫീസ് പിന്നെ എന്തിനാ എന്നായിരുന്നു മറുപടി
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം


തിരുവനന്തപുരം: ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി പെരുമാറ്റച്ചട്ടം ആര് ലംഘിച്ചാലും അത് ലംഘനമാണെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളുവെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച തീരുമാനമാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ആ തീരുമാനം അറിയിക്കാന്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ ബിനോയ് വിശ്വത്തെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം അത് നിര്‍വഹിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വിഷയങ്ങളില്‍ പരസ്യനിലപാട് പറയേണ്ടതില്ല എന്ന് പാര്‍ട്ടിയില്‍ അഭിപ്രായമില്ല. താനങ്ങനെ പരസ്യ നിലപാട് എടുത്തിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. ചോദ്യം ചോദിച്ചിട്ട് മറുപടി പറഞ്ഞില്ലെങ്കില്‍ എന്തുപറയുമെന്നും കാനം ചോദിച്ചു. ജനറല്‍ സെക്രട്ടറിയെ എന്നല്ല പാര്‍ട്ടി ചെയര്‍മാനെ തന്നെ വിമര്‍ശിച്ച പാര്‍ട്ടിയാണ് സിപിഐ എന്ന നിലപാട് കാനം ആവര്‍ത്തിച്ചു.  

കെ ഇ ഇസ്മായിലിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കത്തയച്ചതിനെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പോസ്റ്റ് ഓഫീസ് പിന്നെ എന്തിനാ എന്നായിരുന്നു മറുപടി. കത്തയച്ചതിനെ കുറിച്ച് അറിയില്ല. തനിക്ക് എന്തിനാണ് കെ ഇ ഇസ്മായില്‍ കത്തയക്കുന്നത്? ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്ന ആളുകളാണ്. കത്തൊന്നും അയക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു. 

കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജിയുടെ പരാമര്‍ശത്തെ പിന്തുണച്ച ഡി രാജയ്ക്ക് എതിരെ കാനം വിമര്‍ശനം നടത്തിയിരുന്നു. യുപിയും കേരളവും ഒരുപോലെയാണെന്നാണ് രാജ പറഞ്ഞത്. അങ്ങനെയല്ല തങ്ങളുടെ അഭിപ്രായം. കേരളം വ്യത്യസ്തമാണ്. അത് അദ്ദേഹത്തിന് അറിയാന്‍ പാടില്ലാത്തതുകൊണ്ട് പറഞ്ഞതാണ്. ഓക്‌സിജന്‍ ഇല്ല എന്ന് പറഞ്ഞതുകൊണ്ട് ഒരു ഡോക്ടര്‍ക്ക് എതിരെ കേസെടുത്ത പൊലീസാണ് യുപിയിലേത്. കേരളത്തിലെ പൊലീസ് കോവിഡ് പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും നിരത്തിലുള്ള പൊലീസാണ്. രണ്ടും വ്യത്യാസമുണ്ട്.ഡാങ്കെയെ വിമര്‍ശിച്ച പാര്‍ട്ടിയാണ് ഞങ്ങളുടേത്. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ വിമര്‍ശിക്കും. ജനറല്‍ സെക്രട്ടറിയായാലും ചെയര്‍മാനായാലും സ്‌റ്റേറ്റ് സെക്രട്ടറി ആയാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ല. അത് അനുസരിക്കണം എന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com