കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നു; ആശ്വാസം പങ്കുവെച്ച് കേന്ദ്രസര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 05:37 PM  |  

Last Updated: 16th September 2021 05:37 PM  |   A+A-   |  

covid situation in india

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നതില്‍ ആശ്വാസം പങ്കുവെച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി വരുന്നത് ആശ്വാസം പകരുന്നതായി കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധസമിതി അംഗം വി കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ മിസോറാമിലെ സ്ഥിതിഗതികളാണ് ആശങ്കപ്പെടുത്തുന്നത്.വരുന്ന രണ്ടോ മൂന്നോ മാസം രാജ്യത്തെ ജനങ്ങള്‍ ഏറെ ജാഗ്രത പുലര്‍ത്തണം. മറ്റൊരു കോവിഡ് വ്യാപനം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വി കെ പോള്‍ മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാരിനെ സംബന്ധിച്ച് ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് അല്ല പ്രധാനപ്പെട്ട കാര്യമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും ലഭ്യമാക്കുക എന്നതിനാണ് മുഖ്യ പരിഗണന നല്‍കുന്നതെന്നും ബല്‍റാം ഭാര്‍ഗവ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലെ പുതിയ കണ്ടെത്തലാണ് ചര്‍ച്ചയായത്.  ഇതുസംബന്ധിച്ച ചോദ്യത്തിന് ആന്റിബോഡിയുടെ അളവ് നിര്‍ണയിക്കരുതെന്ന് വിവിധ ഏജന്‍സികള്‍ ശുപാര്‍ശ നല്‍കിയതായി ബല്‍റാം ഭാര്‍ഗവ മറുപടി നല്‍കി.