ബലാത്സം​ഗക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങി, നാല് പൊലീസുകാർക്കെതിരെ ഇഡി കേസെടുത്തു; സംസ്ഥാനത്ത് ആദ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 07:40 AM  |  

Last Updated: 23rd September 2021 07:40 AM  |   A+A-   |  

ED filed a case against four police officers

പ്രതീകാത്മക ചിത്രം

 

തൃശൂർ; ബലാത്സം​ഗക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയ നാലു പൊലീസുകാരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസിനെതിരെ ഇഡി കേസെടുക്കുന്നത്. ബലാത്സം​ഗക്കേസ് ഒതുക്കിത്തീർക്കാൻ പാറമട ഉടമയിൽനിന്ന് അനധികൃതമായി പണം വാങ്ങി സ്വത്ത് സമ്പാദിച്ചെന്നുകാണിച്ച് പൊതുപ്രവർത്തകനായ അജിത് കൊടകര നൽകിയ പരാതിയിലാണ് നടപടി. 

പരാതിയിൽ വിശദമായി അന്വേഷണം നടത്തിയതിനു ശേഷമാണ് ഇഡി രണ്ട്‌ പൊലീസ് സ്റ്റേഷൻ മേധാവികളുൾപ്പെടെ നാലുപേരെ പ്രതിേചർത്തത്. കൊടകര സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന അരുൺ ഗോപാലകൃഷ്ണൻ, തടിയിട്ടപ്പറമ്പ് സ്റ്റേഷൻ എസ്എച്ച്ഒ സുരേഷ്‌കുമാർ, എഎസ്ഐ യാക്കൂബ്, വനിതാ സിപിഒ ജ്യോതി ജോർജ് എന്നിവരെയാണ് പ്രതിേചർത്തിരിക്കുന്നത്. പാറമട ഉടമയുടെ മകനെ രക്ഷിച്ചതിന് പ്രതിഫലമായി വൻതുക കൈപ്പറ്റിയെന്നാണ് പരാതി.

ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്യാത്തത് സംബന്ധിച്ച പരാതിയിൽ ഹൈക്കോടതി വിശദീകരണം ചോദിച്ചപ്പോൾ തടിയിട്ടപ്പറമ്പ് പോലീസ് നൽകിയ സത്യവാങ്മൂലമാണ് പോലീസുകാർക്ക് വിനയായത്. പരാതിക്കാരിയായ പെൺകുട്ടിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും പണം തട്ടാൻ മാനഭംഗപ്പരാതി കെട്ടിച്ചമയ്ക്കാറുണ്ടെന്നും കൊടകര സ്റ്റേഷനിൽ പെൺകുട്ടിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്പ് പോലീസ് 2020 സെപ്റ്റംബർ 30-ന് നൽകിയ സത്യവാങ്മൂലം. എന്നാൽ, കൊടകര പോലീസ് പെൺകുട്ടിയുടെ പേരിൽ കേസെടുത്തത് ഒക്ടോബർ ഒന്നിനായിരുന്നു. 

ഈ കേസിൽ പെൺകുട്ടിയെ കുടുക്കാൻ കൊടകരയിലെയും തടിയിട്ടപ്പറമ്പിലെയും പൊലീസുകാർ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമാണ് പരാതി നൽകിയത്. ഇതുസംബന്ധിച്ച് ചാലക്കുടി ഡിവൈ.എസ്.പി. അന്വേഷിച്ചെങ്കിലും പോലീസിന് അനുകൂല റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കൊടകര സ്റ്റേഷൻ എസ്.എച്ച്.ഒ. ആയിരുന്ന അരുൺ ഗോപാലകൃഷ്ണനെതിരേ വകുപ്പുതലനടപടിക്ക് ശുപാർശ ചെയ്തിരുന്നു.