മൂന്നു ദിവസം മുൻപ് വിദേശത്തുനിന്ന് എത്തി, കാറിടിപ്പിച്ച് തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ; വിശ്വസിക്കാതെ പൊലീസ്, ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 09:23 AM  |  

Last Updated: 23rd September 2021 09:23 AM  |   A+A-   |  

KIdnapping

പ്രതീകാത്മക ചിത്രം

 

മലപ്പുറം; വിദേശത്തുനിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കാളികാവ്  ചോക്കാട് പുലത്ത് വീട്ടിൽ റാഷിദിനെ(27)യാണ്‌ തട്ടിക്കൊണ്ടുപോയതായി പരാതി ഉയരുന്നത്. കോഴിക്കോട്ടുനിന്ന് ടാക്‌സി കാറിൽ നാട്ടിലേക്ക് തിരിച്ച റാഷിദിനെ കാറിടിപ്പിച്ച് അപകടമുണ്ടാക്കിയശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പരാതി. ബുധനാഴ്‌ച വൈകീട്ട് ആറുമണിയോടെയാണ് സംഭവമുണ്ടായത്. 

മഞ്ചേരി പട്ടർകുളത്തുവെച്ചാണ് സഞ്ചരിച്ച കാറിൽ കാറിടിപ്പിച്ച് അപകടമുണ്ടാക്കിയശേഷം റാഷിദിനെ സംഘം തട്ടിക്കൊണ്ടുപോയതെന്ന് ടാക്‌സി ഡ്രൈവർ പോലീസിന് മൊഴിനൽകി. റാഷിദിന്റെ വാഹനം അപകടത്തിൽപ്പെട്ടയുടനെ ഒരു ജീപ്പിൽ ഭാര്യാപിതാവും മൂന്നു നാട്ടുകാരും സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരുമായി സംഘം അടിപിടിയുണ്ടാക്കിയതായും പറയുന്നു. അതിനിടെ റാഷിദിനെ സംഘം കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. 

എന്നാൽ മൊഴികളൊന്നും പൊലീസ് വിശ്വസിച്ചിട്ടില്ല. മൂന്നുദിവസം മുൻപാണ് റാഷിദ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. ശേഷം ഇയാൾ എന്തുകൊണ്ടാണ് വീട്ടിലേക്കുപോകാതെ കോഴിക്കോട്ടേക്ക് തിരിച്ചതെന്ന കാര്യത്തിൽ പോലീസിന് സംശയമുയർന്നിട്ടുണ്ട്. റാഷിദിന്റെ വാഹനം പട്ടർകുളത്ത് അപകടത്തിൽപ്പെട്ടയുടൻ ഭാര്യാപിതാവും മൂന്നു നാട്ടുകാരും ജീപ്പിൽ സംഭവ സ്ഥലത്തെത്തിയിരുന്നു. ഇവർ എത്തുന്നതുവരെ എന്തിന് സംഘം കാത്തിരുന്നുവെന്നും പൊലീസ് ചോദിക്കുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. 

കരിപ്പൂരിൽ ഇറങ്ങിയ റാഷിദ് ഫറോക്കിൽനിന്ന് കാറെടുത്ത് വയനാട്ടിലേക്കു പോയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ ഒരു റിസോർട്ടിലെ നമ്പറിൽനിന്ന് റാഷിദിന്റെ പിതാവിന്റെ ഫോണിലേക്ക് കോൾ വന്നതായും പോലീസ് സ്ഥിരീകരിച്ചു. സ്വർണവുമായി ബന്ധപ്പെട്ട ചില തർക്കങ്ങളുണ്ടെന്നും എല്ലാം പരിഹരിച്ച് ഉടൻ മകൻ വീട്ടിലെത്തുമെന്നും ഇയാൾ പറഞ്ഞതായും വിവരം ലഭിച്ചു. ഈ സാഹചര്യങ്ങളെല്ലാം വ്യക്തമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. തട്ടിക്കൊണ്ടുപോയ കാറിന്റെ ഉടമ വള്ളുവമ്പ്രത്തുകാരനാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്.