താത്പര്യമുള്ളവര്‍ക്കു ജോലി ചെയ്യാം; ഹര്‍ത്താല്‍ തടയാതെ ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 01:51 PM  |  

Last Updated: 24th September 2021 01:51 PM  |   A+A-   |  

kerala high court declined to satay hartal

പ്രതീകാത്മക ചിത്രം

 

കൊച്ചി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. താത്പര്യമുള്ളവര്‍ക്കു ജോലി ചെയ്യാമെന്നും അതിനു സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ കോടതി ഹര്‍ജി തീര്‍പ്പാക്കി.

ഹര്‍ത്താല്‍ ദിനത്തില്‍ താത്പര്യമുള്ളവര്‍ക്കു ജോലി ചെയ്യാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ത്താലില്‍ പങ്കെടുത്താവര്‍ക്കു സംരക്ഷണമൊരുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ ഉറപ്പു രേഖപ്പെടുത്തിയ കോടതി ഹര്‍ജി തീര്‍പ്പാക്കി.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ തലത്തില്‍ ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദാണ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കുന്നത്. സംയുക്ത ട്രെയ്ഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. യുഡിഎഫും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. 

ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. രാവിലെ ആറു മുതല്‍ ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ലെന്നും, കടകള്‍ തുറക്കില്ലെന്നും ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും.