ബൈക്കിനെ മറികടന്നത് ഇഷ്ടപ്പെട്ടില്ല, സ്കൂട്ടർ യാത്രികയെ യുവാവ് പിന്തുടർന്ന് തള്ളിവീഴ്ത്തി; പരുക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 09:07 AM  |  

Last Updated: 26th September 2021 09:07 AM  |   A+A-   |  

bike

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട; ബൈക്കിനെ മറികടന്നു പോയതിൽ പ്രകോപിതനായ യുവാവ് സ്കൂട്ടർ യാത്രികയെ പിന്നാലെയെത്തി തള്ളിവീഴ്ത്തി. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവമുണ്ടായത്. 48കാരിയായ സ്കൂട്ടർ യാത്രികയ്ക്ക് അപകടത്തിൽ മുഖത്തിന് സാരമായി പരുക്കേറ്റു. ചുണ്ടിന് ശസ്ത്രക്രിയ നടത്തിയ ഇവർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. 

മാന്താനം കോട്ടപ്പടി സരിതഭവനത്തിൽ ജയകൃഷ്ണനാണ് (20) യാത്രികയെ തോളിൽ പിടിച്ചു തള്ളിയത്. തുടർന്ന് നിയന്ത്രണം വിട്ട് ഇയാളുടെ ബൈക്കും മറിഞ്ഞു. കൈവിരലൊടിഞ്ഞ യുവാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകൾക്കെതിരായ ആക്രമണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. 

തയ്യൽ കട നടത്തുന്ന കുന്നന്താനം സ്വദേശിയായ സ്ത്രീ വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സ്കൂട്ടർ ബൈക്കിനെ മറികടന്നു മുന്നോട്ടു പോയതിൽ അരിശം പൂണ്ട ജയകൃഷ്ണൻ പിന്തുടർന്ന് മത്സരയോട്ടത്തിനു ക്ഷണിച്ചു പ്രകോപനം സൃഷ്ടിച്ചു. എന്നാൽ വേഗം നിയന്ത്രിച്ച് വാഹനം ഓടിച്ച സ്ത്രീയെ തോളിൽ പിടിച്ച് തള്ളുകയായിരുന്നു. ബൈക്കിന്റെ നിയന്ത്രണം വിട്ട് ജയകൃഷ്ണൻ റോഡിൽ വീണു. ബൈക്ക് നിരങ്ങിച്ചെന്ന് ഇടിച്ച് സ്കൂട്ടറും മറിഞ്ഞു.