'കൂടെയുള്ള പലരെയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞു'; 'രാഹുല്‍ ഗാന്ധി കനയ്യ കുമാറുമായി ചര്‍ച്ച നടത്തിയത് പത്തുതവണ' 

കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് കനയ്യ കുമാറുമായി രാഹുല്‍ഗാന്ധി പത്തിലധികം ചര്‍ച്ച നടത്തിയെന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍.
കനയ്യ കുമാര്‍,രാഹുല്‍ ഗാന്ധി,ജിഗ്നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍
കനയ്യ കുമാര്‍,രാഹുല്‍ ഗാന്ധി,ജിഗ്നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍

കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് കനയ്യ കുമാറുമായി രാഹുല്‍ഗാന്ധി പത്തിലധികം ചര്‍ച്ച നടത്തിയെന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. കൂടെയുള്ള പലരെയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിയാത്ത രീതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിലാണ് എന്നതും നിരവധിതവണ രാഹുലും ടീമും കനയ്യയോട് പറഞ്ഞിട്ടുണ്ടെന്ന് മുഹ്‌സിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കനയ്യയും ജിഗ്നേഷ് മേവാനിയും ഇതുവരെ ഉയര്‍ത്തിപ്പിടിച്ചിരുന്ന വിദ്യാര്‍ത്ഥി ഇടതുപക്ഷ ദളിത് രാഷ്ട്രീയം  ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയം തയ്യാറായിട്ടുണ്ടോ എന്ന് വരുന്ന ദിവസങ്ങളില്‍ നമുക്ക് കാത്തിരുന്നു കാണാം.  ആശയമില്ലാതെയുള്ള രാഷ്ട്രീയം വെള്ളത്തില്‍ നിന്ന് പുറത്തെത്തിയ മത്സ്യത്തെ പോലെയാണ്. തന്റെ ആശയ രൂപീകരണത്തിനു  നിദാനമായ രാഷ്ട്രീയവും സംഘടനയും വിട്ടു പുതിയ പാര്‍ട്ടിയിലേക്ക്  ചേക്കേറുമ്പോള്‍  കനയ്യ കുമാര്‍ എന്ന രാഷ്ട്രീയ നേതാവ് താന്‍ ഇതുവരെ ഉയര്‍ത്തിയ പൊളിറ്റിക്‌സ് എങ്ങനെ കൊണ്ടുപോകും എന്നതും  കാത്തിരുന്ന് കാണാം.- അദ്ദേഹം കുറിച്ചു. 

മുഹ്‌സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്ത് കനയ്യകുമാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പഞ്ചാബിലും ഉത്തര്‍പ്രദേശിലും അടക്കം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും രാഹുല്‍ഗാന്ധിയുടെ അടുപ്പക്കാരും  ബിജെപിയില്‍ ചേരുന്ന  ഈ പ്രതിസന്ധിഘട്ടത്തില്‍ സ്വന്തം അസ്തിത്വം നിലനിര്‍ത്താന്‍ രാഹുല്‍ഗാന്ധി  കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ ഭാഗമായാണ് കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശവും. പത്തിലധികം തവണയാണ് രഹസ്യമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാഹുല്‍ഗാന്ധിയും കൂട്ടരും കനയ്യയെ കണ്ടത്. കൂടെയുള്ള പലരെയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിയാത്ത രീതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിലാണ് എന്നതും നിരവധിതവണ രാഹുലും ടീമും കനയ്യയോട് പറഞ്ഞിട്ടുണ്ട്. രാഹുലിനും കോണ്‍ഗ്രസിനും വേണ്ടത് കനയ്യയുടെയും ജിഗ്‌നേഷ് മേവാനിയുടെയും ക്രൗഡ് പുള്ളര്‍ ഇമേജ് മാത്രമാണ്. അവര്‍ ഇതുവരെ ഉയര്‍ത്തിപ്പിടിച്ചിരുന്ന വിദ്യാര്‍ത്ഥി ഇടതുപക്ഷ ദളിത് രാഷ്ട്രീയം  ഏറ്റെടുക്കാന്‍  കോണ്‍ഗ്രസ് രാഷ്ട്രീയം തയ്യാറായിട്ടുണ്ടോ എന്ന് വരുന്ന ദിവസങ്ങളില്‍ നമുക്ക് കാത്തിരുന്നു കാണാം. ആശയമില്ലാതെയുള്ള രാഷ്ട്രീയം വെള്ളത്തില്‍ നിന്ന് പുറത്തെത്തിയ മത്സ്യത്തെ പോലെയാണ്. തന്റെ ആശയ രൂപീകരണത്തിനു  നിദാനമായ രാഷ്ട്രീയവും സംഘടനയും വിട്ടു പുതിയ പാര്‍ട്ടിയിലേക്ക്  ചേക്കേറുമ്പോള്‍  കനയ്യ കുമാര്‍ എന്ന രാഷ്ട്രീയ നേതാവ് താന്‍ ഇതുവരെ ഉയര്‍ത്തിയ പൊളിറ്റിക്‌സ്  എങ്ങനെ കൊണ്ടുപോകും എന്നതും  കാത്തിരുന്ന് കാണാം.


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും, എന്‍എസ്‌യുഐക്കും  യൂത്ത് കോണ്‍ഗ്രസിനും ഒരിക്കലും വളര്‍ത്തിയെടുക്കാന്‍ കഴിയാത്ത രാഷ്ട്രീയവും  നേതൃഗുണവും ഇടതുപക്ഷ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളില്‍ നിന്ന് ആര്‍ജിച്ച നിരവധിപേരെ കോണ്‍ഗ്രസ് പിന്നീട് ഏറ്റെടുത്തിട്ടുണ്ട്.  ജെ എന്‍യു ക്യാമ്പസില്‍ നിന്ന് തന്നെ ഉണ്ട് നിരവധി ഉദാഹരണങ്ങള്‍. ഇടതു വിദ്യാര്‍ഥി സംഘടനയിലൂടെ ഉയര്‍ന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ആയി കോണ്‍ഗ്രസിലേക്ക് പോകുന്ന ആദ്യ വ്യക്തിയുമല്ല കനയ്യകുമാര്‍.  ദേവി പ്രസാദ് ത്രിപാഠി (1975-76), ഷക്കീല്‍ അഹമ്മദ് ഖാന്‍ (1992-93), ബത്തിലാല്‍ ഭൈരവ (1996-97,97-98), സൈദ് നസീര്‍ ഹുസൈന്‍ (1999-2000), സന്ദീപ് സിങ് (2007-8)  മോഹിത് പാണ്ഡെ(2016-17),  ഇപ്പോള്‍ കനയ്യകുമാറും.  ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളിലൂടെ തീപ്പൊരി നേതാക്കളായ ഇവരില്‍ ആരുടെയൊക്കെ പേരുകളാണ് ഇന്ന് കോണ്‍ഗ്രസില്‍ കേള്‍ക്കുന്നത്. കാരണം കോണ്‍ഗ്രസ് ഉള്‍ക്കൊണ്ടത് വ്യക്തികളുടെ ഇമേജ് മാത്രമാണ് അവരുടെ രാഷ്ട്രീയമല്ല. ഇവരുടെയെല്ലാം രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ കോണ്‍ഗ്രസ് പ്രവേശനത്തിലൂടെ അവസാനിക്കുന്നതാണ് നമ്മള്‍ കണ്ടത്. രാജ്യത്ത് കൊണ്‍ഗ്രസ് ഇതര പ്രസ്ഥാനത്തിലൂടെ ബദല്‍ സംവിധാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഇല്ലാതെയാക്കുക എന്നതും ഇതിലൂടെ കോണ്‍ഗ്രസ്സ് സാധ്യമാക്കി എടുക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയെ രക്ഷപ്പെടുത്തുന്നതിന് പ്രത്യുപകാരമായി ഭാവി ബിഹാര്‍ 'മുഖ്യമന്ത്രി' സ്ഥാനവും കൂടെയുള്ളവര്‍ക്കുള്ള പദവിയുമെല്ലാം  വാഗ്ദാനങ്ങളായിരിക്കാം. കനയ്യ കുമാറിനെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചവരുടെ വാഗ്ദാനങ്ങളാണിതെന്നതും ശ്രദ്ധേയമാണ്. എന്തായിരുന്നാലും സഹപാഠിയും, സുഹൃത്തും ഒന്നിച്ചു താമസിക്കുകയും, ഒരേ രാഷ്ട്രീയം പറയുകയും ചെയ്തിരുന്ന പ്രിയപ്പെട്ടവന്‍ പുതിയ രാഷ്ട്രീയ മേല്‍വിലാസം കണ്ടെത്തിയതിന് എല്ലാവിധ ആശംസകളും നേരുന്നു, നല്ലതു വരട്ടെ എന്നാശംസിക്കുന്നു. എന്തായാലും കനയ്യ കുമാറിന്റ വരവോടെ രാഹുല്‍ഗാന്ധിയും, കോണ്‍ഗ്രസും രക്ഷപ്പെടുമെങ്കില്‍ രക്ഷപ്പെടട്ടെ.. രാഹുല്‍ഗാന്ധിക്കും ആശംസകള്‍..

ഇനിമുതല്‍ കനയ്യക്ക് എതിരെയുള്ള സംഘപരിവാര്‍ ആക്രമണം മയപ്പെടുമെന്നുറപ്പ്. കനയ്യകുമാര്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നേരിടാനുള്ള കാരണം ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ട് വെച്ചത് കൊണ്ടാണ്. കോണ്‍ഗ്രസ് രാഷ്ട്രീയം സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ റിക്രൂട്‌മെന്റ് സെന്ററായിട്ട് കാലങ്ങളായി എന്നത് ആര്‍ക്കാണ് അറിയാത്തത്. അധികാരമുള്ള ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത്. എന്നാല്‍ അധികാരങ്ങള്‍ ഇല്ലെങ്കിലും ചൂഷണങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഇടതുപക്ഷം നിലനില്‍ക്കും. വ്യക്തികള്‍  വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഉണ്ടാകാം പക്ഷേ  ആശയങ്ങള്‍ ഏറ്റെടുക്കാനും പോരാട്ടങ്ങള്‍ തുടരാനും ഇനിയും യുവാക്കളെ സംഭാവന ചെയ്യാന്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് കഴിയേണ്ടതുണ്ട്. അപ്പോഴും, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കൂടി ഇടപെടുന്ന പാര്‍ട്ടികള്‍ എന്ന നിലക്ക്, കനയ്യയെ പോലുള്ള ജനപിന്തുണയുള്ള യുവാക്കളെ ഇടത് പക്ഷത്ത് പിടിച്ച് നിര്‍ത്താന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് സ്വയം ചോദിക്കേണ്ടതും അനിവാര്യമാണ് താനും.  

വര്‍ഗീയഫാസിസ്റ്റ് രാഷ്ട്രീയത്തിനും സാമ്പത്തിക സാമൂഹിക ചൂഷണങ്ങള്‍ക്കും എതിരെ ആത്മാര്‍ത്ഥതയോടെ പോരാടാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് മാത്രമേ കഴിയൂ എന്ന യാഥാര്‍ഥ്യം കാലം വീണ്ടും വീണ്ടും തെളിയിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ പല കഷണങ്ങളായി നിന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് എത്ര കാലം സംഘപരിവാറിനെ എതിര്‍ക്കാന്‍ കഴിയും എന്നതും ആലോചിക്കേണ്ടതാണ്. പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കില്‍ പുതുതലമുറയുമായും വിവിധ സാമൂഹ്യ വിഭാഗങ്ങളുമായും നിരന്തര സംവേദനവും പരിഗണയും അനിവാര്യതയാണെന്ന് കരുതുന്നു. രാജ്യത്തെ പുതിയ വെല്ലുവിളികളെ നേരിടാന്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യവും പുനരേകീകരണവും കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്നും കരുതുന്നു. 
ഇങ്കുലാബ് സിന്ദാബാദ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com