ആംസ്റ്റര്‍ഡാമിലേക്ക് പോകുന്നത് ഗതാഗത സെക്രട്ടറി എന്ന നിലയില്‍; ഫണ്ട് കെഎസ്ആര്‍ടിസിയില്‍ നിന്നല്ല: വിശദീകരണവുമായി ബിജു പ്രഭാകര്‍

കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ എംഡി വിദേശ യാത്ര പോകുന്നതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു
കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ / ഫെയ്‌സ്ബുക്ക് ചിത്രം
കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ / ഫെയ്‌സ്ബുക്ക് ചിത്രം


തിരുവനന്തപുരം: വിദേശ യാത്രാ വിവാദത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. ആംസ്റ്റര്‍ഡാമിലെ സെമിനാറില്‍ പങ്കെടുക്കുന്നത് ഗതാഗത സെക്രട്ടറിയെന്ന നിലയിലാണെന്നും ഫണ്ട് ചെലവാക്കുന്നത് കെഎസ്ആര്‍ടിസിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത വകുപ്പ് സെക്രട്ടറിക്ക് പുറമെ, നഗരകാര്യ സെക്രട്ടറി, കെഎസ്ആര്‍ടിസി സിഎംഡി തുടങ്ങി അഞ്ചോളം അധിക ചുമതലകളും നിലവില്‍ താന്‍ വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെതര്‍ലാന്‍സിലെ ആംസ്റ്റര്‍ഡാമില്‍ മേയ് 11, 12 തീയതികളില്‍ നടക്കുന്ന അഞ്ചാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സായ 'ക്ലീന്‍ ബസ്സ് ഇന്‍ യൂറോപ്പില്‍'പങ്കെടുക്കാനാണ് ബിജു പ്രഭാകറിന് അനുമതി ലഭിച്ചത്. കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ എംഡി വിദേശ യാത്ര പോകുന്നതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ആംസ്റ്റര്‍ ഡാമില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടി  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗതാഗത സെക്രട്ടറിമാര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍, പൊതുമേഖലയില്‍ ഉള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ സിഇഒമാര്‍ തുടങ്ങിയവര്‍ക്ക് വളരെ നേരത്തെ തന്നെ ക്ഷണം ലഭിച്ചതാണെന്ന് വിശദീകരണ കുറിപ്പില്‍ പറയുന്നു.

സാധാരണ ഡെലിഗേറ്റിന് 1200 യൂറോയാണ് (ഏകദേശം 1,10,000 രൂപ) ഫീസ് എന്നാല്‍, പ്രത്യേക ക്ഷണമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഡിസ്‌കൗണ്ട് ഫീസായ 475 യൂറോ(ഏകദേശം 45,000) രൂപ നല്‍കിയാല്‍ മതി. ഇത് അനുസരിച്ച് ക്ഷണം ലഭിച്ചപ്പോള്‍ ഗതാഗത/നഗരകാര്യ സെക്രട്ടറി  എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയത്.

കേരള ഗതാഗത സെക്രട്ടറിയെക്കൂടാതെ ഇന്ത്യയില്‍ നിന്നും അഞ്ചോളോം സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗതാഗത വകുപ്പിലേയും പൊതു മേഖലാ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.  ഹിമാചല്‍ ആര്‍ടിസി വൈസ് ചെയര്‍മാന്‍ ആന്‍ഡ് എംഡി സന്ദീപ് കുമാര്‍ ഐഎഎസ്, ഉത്തര്‍പ്രദേശ് ആര്‍ടിസി എംഡി രാജേന്ദ്ര പ്രതാപ് സിംഗ് ഐഎഎസ് , പൂനെ മാഹാനഗര്‍ പഹിവഹന്‍ മഹാമണ്ഡല്‍ ലിമിറ്റിഡ് ജോയിന്റ് എംഡി ഡോ. ചേതന കേരൂറെ,  അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിന്‍സ് ഡല്‍ഹി  അസി. ഡയറക്ടര്‍ പ്രഭുല്‍ മഠ്, തെലങ്കാനാ ഡെപ്യൂട്ടി  ചീഫ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ സന്തോഷ് കുമാര്‍ പൊലാമല്ല എന്നിവരാണ് ഇന്ത്യയില്‍ നിന്നും ഇതിനകം പങ്കെടുക്കാന്‍ തീരുമാനം എടുത്തവര്‍.- പത്രക്കുറിപ്പില്‍ ബിജു പ്രഭാകര്‍  വ്യക്തമാക്കി. 

കെഎസ്ആര്‍ടിസി ഡീസലില്‍ നിന്നും മാറി അന്തരീക്ഷ മലിനീകരണം ഇല്ലാത്ത ഇന്ധനങ്ങളിലേക്ക് മാറുന്ന കാലഘട്ടം കൂടിയാണിത്. 
സംസ്ഥാന ബജറ്റില്‍ 10 ഹൈഡ്രജന്‍ ബസ് വാങ്ങാന്‍ തീരുമാനിക്കുകയും, അതിന് വേണ്ടിയുള്ള തുക കഴിഞ്ഞ ബജറ്റില്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.  ഇലക്ട്രിക് ബസിന് പുറമെ , സിഎന്‍ജി, എല്‍എന്‍ജി ബസുകള്‍ക്കും, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത് പോലെ ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളിലേക്ക് എങ്ങനെ മാറാം എന്ന കാര്യങ്ങളെക്കുറിച്ചും സംസ്ഥാന ഗതാഗത വകുപ്പ് പഠനം നടത്തുന്ന സമയത്താണ് ഇത്തരത്തിലൊരു കോണ്‍ഫറന്‍സ് നടക്കുന്നതും. ഒരു ബസ് വാങ്ങുന്നത് 15 വര്‍ഷത്തിലേക്കാണ്. അത് വാങ്ങുന്നതിന് മുന്‍പ്  ഇതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതിന്റെ ടെക്‌നോ, എക്‌ണോമിക് ഫീസിബിലിറ്റി മനസിലാക്കുന്നതിന് ഇത്തരത്തിലുള്ള രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ കൊണ്ട് ഗുണകരമാകുകയും ചെയ്യും.- ബിജു പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.

ബസ് വാങ്ങുന്നതിന്റെ നയരൂപീകരണം,  ക്ലീന്‍ ഇന്ധനത്തിലുള്ള ബസുകളുടെ നിലവാരം, ബസുകളുടെ വാങ്ങല്‍ പ്രക്രിയ, സാമ്പത്തിക സ്രോതസുകള്‍, നിയമസാങ്കേതിക വശങ്ങള്‍, നൂതന സാങ്കേതിക വിദ്യ, പ്രവര്‍ത്തന കാലഘട്ടത്തിലെ വരുമാനത്തെക്കുറിച്ചും, ചിലവിനെക്കുറിച്ചുമുള്ള വിശകലനം, ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഓപ്പറേറ്റീവ്, വെന്റേഴ്‌സ്, ഇങ്ങനെ വളരെയധികം കാര്യങ്ങള്‍ മനസിലാക്കാന്‍ ഇത്തരത്തിലുള്ള  കോണ്‍ഫറന്‍സ് കൊണ്ട് പ്രയോജനകരമാകും,  ബയോ ഗ്യാസ്, ബയോ ഡീസര്‍, എല്‍പിജി, എല്‍എന്‍ജി, ഗ്യാസ് ലിക്വിഡ്, ഹൈഡ്രോ  ട്രീറ്റഡ് വെജിറ്റബില്‍ ഓയില്‍, ബയോ മാസ്റ്റിഡ് ലിക്വിഡ്, ബയോ എത്തനോല്‍, ഹൈഡ്രജന്‍, സിഎന്‍ജി, ഇലക്ട്രിക് തുടങ്ങിയ വിവിധ തരത്തിലുള്ള സമാന്തരമായ ഇന്ധനങ്ങള്‍, ബസുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനെ കുറിച്ച് മനസിലാക്കാനുള്ള ചര്‍ച്ചയും കോണ്‍ഫറന്‍സില്‍ നടക്കും.- പ്രസ്താവനയില്‍ പറയുന്നു. 

ഗതാഗത രംഗത്ത് ലോകത്തിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും മാറ്റങ്ങളും എന്താണെന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ് രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ നിന്നും ഗതാഗത രംഗത്തെ പ്രമുഖര്‍ ഇത്തരം കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നത്. നഗരകാര്യ സെക്രട്ടറി എന്ന നിലയില്‍ അവിടത്തെ നഗരകാര്യങ്ങളെക്കുറിച്ചും ഈ രംഗത്തുള്ളവരുമായി ആശയവിനിമയത്തിന് വേണ്ടിയുള്ള സാധ്യതയും ആരായും. ഇതിന് 100 ഡോളര്‍ ( 7500 രൂപ )ഒരു ദിവസം നല്‍കുന്നത് 2017ലെ, 5 വര്‍ഷം പഴക്കമുള്ള ഓര്‍ഡര്‍ അനുസരിച്ചാണ്. ജിഎഡിയില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതും.- അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇത് സംബന്ധിച്ച്  പൊതുജനങ്ങള്‍ക്കും, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ വരുകയും, നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയുടെ പണം എടുത്താണ് സിഎംഡി പോകുന്നത് എന്ന തരത്തിലുള്ള പ്രചരണം ഉള്ള സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പ്രസ്താവന പുറത്തിറക്കുന്നതെന്നും ഗതാഗത സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com