20 രൂപ നിരക്കില്‍ 250 മെഗാവാട്ട്, 50 കോടി രൂപയുടെ അധിക ബാധ്യത; വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ അഭ്യര്‍ഥിച്ച് കെഎസ്ഇബി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക്
കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് മാധ്യമങ്ങളോട്
കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് മാധ്യമങ്ങളോട്
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക്. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ 20 രൂപ നിരക്കില്‍ പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങും. മെയ് 31 വരെ ഈ സംവിധാനം തുടരും. അധിക വൈദ്യുതി വാങ്ങുന്നതിന് പ്രതിദിനം ഒന്നര കോടി രൂപ വരെ അധിക ബാധ്യത ഉണ്ടാകുമെന്നും അശോക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് ഏറ്റവും കുറവ് വൈദ്യുതി പ്രതിസന്ധിയുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം മാത്രമാണ് ഏര്‍പ്പെടുത്തിയത്. വൈദ്യുതിയുടെ അനാവശ്യമായ ഉപഭോഗം കുറയ്ക്കാനാണ് മുഖ്യമായി അഭ്യര്‍ഥിച്ചത്.  സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് തിരിച്ചുവരാന്‍ പോകുന്നു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ കെഎസ്ഇബി ചെയര്‍മാന്‍ തള്ളി.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മെയ് 31 വരെ പരമാവധി 20 രൂപ നിരക്കില്‍ പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാന്‍ തീരുമാനിച്ചത്.ഇതുവഴി 50 കോടി രൂപയുടെ വരെ ബാധ്യതയാണ് കെഎസ്ഇബിക്ക് ഉണ്ടാവുക. നിലവില്‍ യൂണിറ്റിന് പരമാവധി 12 രൂപ വരെ മുടക്കാനാണ് തീരുമാനമുള്ളത്. ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ഈ ബാധ്യത ഏറ്റെടുക്കാന്‍ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു. കൂടാതെ കഴിഞ്ഞ മാസങ്ങളില്‍ കെഎസ്ഇബിയുടെ സാമ്പത്തിക നില മെച്ചപ്പെട്ടതും തീരുമാനത്തെ സ്വാധീനിച്ചതായും അശോക് പറഞ്ഞു.

നിലവിലെ നിയന്ത്രണം 24 മണിക്കൂര്‍ വരെ തുടരും. മെയ് മൂന്നിന് 400 മെഗാവാട്ട് വരെ കുറവുണ്ടാകാം. ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും അശോക് അഭ്യര്‍ഥിച്ചു. ദേശീയ തലത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായാല്‍ നിയന്ത്രണം അടക്കമുള്ള മറ്റു വഴികള്‍ തേടേണ്ടി വരുമെന്നും അശോക് സൂചിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com