ജനീഷ്‌കുമാറിന്റെ സ്ഥിരം ശബരിമല ദര്‍ശനം തെറ്റായ സന്ദേശം; റിയാസിന്റെയും റഹിമിന്റെയും നേതൃത്വത്തില്‍ 'കോക്കസ്'; ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

സംഘടനയുടെ പേരിൽ ചിലർ സ്വന്തം ആവശ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്ന നിലയുണ്ടെന്നും വിമർശനം ഉയർന്നു
ഡിവൈഎഫ്‌ഐ നേതാക്കള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു/ ഫെയ്‌സ്ബുക്ക്
ഡിവൈഎഫ്‌ഐ നേതാക്കള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു/ ഫെയ്‌സ്ബുക്ക്

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനും അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിമിനും രൂക്ഷവിമര്‍ശനം. സംഘടനയില്‍ വ്യക്തിപരമായ സ്വാധീനം ഉറപ്പിക്കാനാണ് രണ്ടു നേതാക്കളും ശ്രമിക്കുന്നത്. റിയാസ്, റഹിം, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് എന്നിവരടങ്ങുന്ന കോക്കസ് ആണ് സംഘടനയെ നയിക്കുന്നതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. 

സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന് ശേഷം നടന്ന പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. നേരത്തെ ജില്ലാ സമ്മേളനങ്ങളിലും റഹീമിനെതിരെ സമാന വിമര്‍ശനം ഉയര്‍ന്നിരുന്നു. നേതാക്കളുടെ ഈ കോക്കസ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിക്കുന്ന നില വന്നെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറിനെതിരെയും പ്രതിനിധികള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. എംഎല്‍എയുടെ സ്ഥിരം ശബരിമല ദര്‍ശനം തെറ്റായ സന്ദേശമെന്നാണ് പ്രതിനിധികള്‍ വിമര്‍ശിച്ചത്. സ്ത്രീപ്രവേശന സമയത്തെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എംഎല്‍എയുടെ സമീപനമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കോഴിക്കോട്ടു നിന്നുള്ള പ്രതിനിധികളാണ് എംഎല്‍എയ്‌ക്കെതിരെ ആഞ്ഞടിച്ചത്. 

മുൻകാലങ്ങളിൽ സ്വയം വിമർശനം നടത്തിയിരുന്ന സംഘടനാ റിപ്പോർട്ടിൽ ഇക്കുറി അങ്ങനെയൊരു ആത്മപരിശോധന ഇല്ലെന്നും ചില പ്രതിനിധികൾ കുറ്റപ്പെടുത്തി. സംഘടനയുടെ പേരിൽ ചിലർ സ്വന്തം ആവശ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്ന നിലയുണ്ടെന്നും വിമർശനം ഉയർന്നു, തിരുവനന്തപുരത്ത് ക്വട്ടേഷൻ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിട്ട ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടിട്ടും സംഘടനക്കുള്ളിൽ ക്വട്ടേഷൻ പിടിമുറുക്കുന്നതായി പ്രതിനിധികൾ ആക്ഷേപം ഉന്നയിച്ചു.

ഡിവൈഎഫ്ഐയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഇന്നലെയാണ് പത്തനംതിട്ടയിൽ ആരംഭിച്ചത്. സംസ്ഥാന - കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 609 പേരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 30 ന് നടക്കുന്ന സമാപന സമ്മേളനവും യുവജന റാലിയും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. പ്രായപരിധി കർശനമാക്കുന്നതോടെ നിലവിലെ ഭാരവാഹികളിൽ പകുതിയിലേറെ പേർ നേതൃസ്ഥാനത്തു നിന്നും മാറും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com