സ്വര്‍ണം തട്ടിയെടുത്തത് ഷെമീര്‍; ഇര്‍ഷാദിന്റെ വീഡിയോ പുറത്ത്; അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രമെന്ന് പൊലീസ്, അടിമുടി ദുരൂഹത

പെരുവണ്ണാമൂഴിയില്‍ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു 
ഇര്‍ഷാദ്/ വീഡിയോദൃശ്യത്തില്‍ നിന്ന്‌
ഇര്‍ഷാദ്/ വീഡിയോദൃശ്യത്തില്‍ നിന്ന്‌

കോഴിക്കോട്: സ്വര്‍ണം തട്ടിയെടുത്തത് ഷെമീര്‍ ആണെന്ന് പെരുവണ്ണാമൂഴിയില്‍ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ്. വീഡിയോസന്ദേശത്തിലാണ് ഇര്‍ഷാദ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞമാസം ആറിനാണ് പെന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ കാണാതായത്. പിന്നാലെ സ്വര്‍ണക്കടത്തുകാരുടെ ഭീഷണി വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. 

തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല. വയനാട്ടിലാണുള്ളത്. ഷെമീറാണ് സ്വര്‍ണം തട്ടിയെടുത്തത്. യഥാര്‍ത്ഥ സംഘത്തിന് സ്വര്‍ണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ നല്‍കുന്നില്ല. തന്നെ പലപല റൂമുകളിലേക്ക് മാറ്റി താമസിപ്പിക്കുകയാണെന്നും വീഡിയോയില്‍ യുവാവ് പറയുന്നു.  ജൂലൈ നാലാം തീയതി ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്. കേസന്വേഷണം വഴിതെറ്റിക്കുക ലക്ഷ്യമിട്ട്, സ്വര്‍ണക്കടത്തുസംഘമാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ മാസം ആറാം തീയതി മുതല്‍ ഇര്‍ഷാദിനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ആഴ്ചയാണ് ഇര്‍ഷാദിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്. സ്വര്‍ണക്കടത്തു സംഘത്തിന്റെ ഭീഷണി കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് യുവാവിന്റെ മാതാപിതാക്കള്‍ പറയുന്നത്. മലപ്പുറം കേന്ദ്രീകരിച്ചാണ് ഇര്‍ഷാദിന്റെ വീഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. 

ഇര്‍ഷാദിന്‍രെ തിരോധാനവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തുസംഘത്തിലെ പ്രധാനിയായ കൊടുവള്ളി കൈതപ്പൊയില്‍ സ്വദേശി സ്വാലിഹിലേക്ക് നീണ്ടതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. സ്വാലിഹിന്റെ കൂട്ടാളിയായ കണ്ണൂര്‍ സ്വദേശി മര്‍ഷിദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ ആദ്യ അറസ്റ്റാണിത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ്  ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തു സംഘം കടത്തിക്കൊണ്ട് പോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com