ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍; തീരുമാനമെടുക്കുന്നതില്‍ നിന്നും ഗവര്‍ണറെയും ഒഴിവാക്കും 

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പുനഃപരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ.
പിണറായി വിജയൻ നിയമസഭയിൽ
പിണറായി വിജയൻ നിയമസഭയിൽ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍ കൊണ്ടുവരുന്നത്. സഹകരണസംഘ നിയമഭേദഗതി, മാരിടൈം ബോര്‍ഡ് ഭേദഗതി എന്നിവയുള്‍പ്പെടെ അഞ്ചു ബില്ലുകള്‍ കൂടി ഇന്ന് നിയമസഭ പരിഗണിക്കും. 

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെത്തുടര്‍ന്നാണ് ബില്ലായി നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്. ലോകായുക്ത വിധിയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ലോകായുക്ത വിധിയില്‍  ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് തീരുമാനമെടുക്കാമെന്ന ഭേദഗതിയോട് സിപിഐ വിയോജിച്ചു.

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പുനഃപരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുനഃപരിശോധിക്കാം. എംഎൽമാർക്കെതിരായ ലോകായുക്ത വിധി സ്പീക്കറും പരിശോധിക്കും. ലോകായുക്ത നിയമത്തെ ദുർബലപ്പെടുത്തരുതെന്നും, ജുഡീഷ്യൽ സ്വഭാവമുള്ള ലോകായുക്ത വിധി പരിശോധിക്കാൻ സ്വതന്ത്ര സമിതി വേണമെന്നുമുള്ള നിലപാടിൽ നിന്നും സിപിഐ പിന്നോക്കം പോയി. 

സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലെ നിര്‍ദേങ്ങള്‍ ഔദ്യോഗിക ഭേദഗതിയാക്കാമെന്നാണ് ധാരണയായിരിക്കുന്നത്. ‌ബിൽ ഇന്നുതന്നെ  സബ്ജക്ട് കമ്മിറ്റിക്ക് വിട്ടേക്കും. സബ്ജക്ട് കമ്മിറ്റിയിലോ പിന്നീട് വകുപ്പ് തിരിച്ചുള്ള ചർച്ച നടക്കുമ്പോഴോ സിപിഐ ഭേദഗതി കൊണ്ടുവരും. ഇത് സർക്കാർ ഔദ്യോഗിക ഭേദഗതിയാക്കാനുമാണ് ധാരണയായിട്ടുള്ളത്. 

പുതിയ ബിൽ പ്രകാരം മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധി പുറപ്പെടുവിച്ചാൽ, നിയമസഭയിൽ ഭൂരിപക്ഷമുള്ള മുന്നണിയുടെ തലവനായ മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭ തന്നെ പരിശോധിച്ച് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം. സർവകലാശാലകളിലെ ​ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ സർക്കാർ നാളെ അവതരിപ്പിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com