ആദ്യം നാല് ഐ ഫോണുകൾ വാങ്ങി; ബാക്കി പണം പല അക്കൗണ്ടുകളിൽ; രണ്ട് ദിവസം കൊണ്ട് 171 ഇടപാടുകൾ!

അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവരാണ് അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ പണം ആര്‍ഭാടത്തിനായി ഉപയോഗിച്ച് പിടിയിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 2.44 കോടി രൂപ വന്ന സംഭവത്തിൽ അറസ്റ്റിലായ യുവാക്കൾ ആദ്യം  പണം ചെലവാക്കിയത് ആപ്പിൾ ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലുകൾ വാങ്ങാൻ. നാല് ലക്ഷം മുടക്കിയാണ് നാല് ഫോണുകൾ ഇവർ വാങ്ങിയത്. വാങ്ങിയ രണ്ട് ഫോണുകൾ ഇവർ സുഹൃത്തുക്കൾക്ക് സമ്മാനിക്കുകയും ചെയ്തു. പണം എത്തി രണ്ട് ദിവസത്തിനുള്ളിൽ 171 ഇടപാടുകളാണു നടത്തിയത്. 

അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവരാണ് അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ പണം ആര്‍ഭാടത്തിനായി ഉപയോഗിച്ച് പിടിയിലായത്. ഫോൺ വാങ്ങിയ ശേഷം അക്കൗണ്ടിലെ ശേഷിച്ച പണം 19 ബാങ്കുകളിലായി 54 അക്കൗണ്ടുകളിലേക്കു മാറ്റി. വന്‍ തുക ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റിയെന്നും വ്യക്തമായി. ക്രിപ്‌റ്റോ ട്രേഡിങ് നടത്താന്‍ ഒന്നരമാസംമുമ്പ് ആരംഭിച്ച അക്കൗണ്ടിലേക്കാണ് കോടികളെത്തിയത്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലുണ്ടായിരുന്ന നാല് ലക്ഷത്തിന്റെ കട ബാധ്യതയും ഇവര്‍ ഈ തുകയുപയോഗിച്ച് തീര്‍ത്തു.

അബദ്ധം തിരിച്ചറിഞ്ഞു ബാങ്ക് അധികൃതര്‍ പണം തിരിച്ചെടുക്കും മുന്‍പേ യുവാക്കള്‍ അക്കൗണ്ടില്‍ ഒരു രൂപ ശേഷിക്കാത്ത വിധം ചെലവാക്കിയിരുന്നു. കഴിഞ്ഞ 18,19 തീയതികളിലായാണു സംഭവം. 

യുവാക്കള്‍ സുഹൃത്തുക്കളും ഓണ്‍ലൈന്‍ ട്രേഡിങ് ഇടപാടുകള്‍ നടത്തി പരിചയമുള്ളവരാണ്. ഇതിലൊരാള്‍ പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ഷോറൂം ജീവനക്കാരനുമാണ്. ഒരാളുടെ അക്കൗണ്ടിലേക്കാണ് 18ാം തീയതി 2,44,89,126.68 രൂപ അബദ്ധത്തില്‍ എത്തിയത്. 

പുതുതലമുറ ബാങ്കുകളിലൊന്നില്‍ സെര്‍വര്‍ മെര്‍ജിങ് നടപടികള്‍ നടക്കുന്നതിനിടെ സംഭവിച്ച ഓണ്‍ലൈന്‍ പിഴവാണിതെന്നു കണക്കാക്കുന്നു. പണം പലവഴിക്ക് മാറ്റാന്‍ സുഹൃത്താണു മുന്‍കൈയെടുത്തത്. പണമെത്തിയ വിവരം ബാങ്കിനെ അറിയിക്കുന്നതിനു പകരം ഇവര്‍ പല അക്കൗണ്ടുകളിലായി നിക്ഷേപിക്കുകയും ഷോപ്പിങ് നടത്തുകയുമായിരുന്നു.

19 ബാങ്കുകളിലായി 54 അക്കൗണ്ടുകള്‍ തുറന്നു ചെറു തുകകളാക്കി നിക്ഷേപിച്ചു. ഈ അക്കൗണ്ടുകളുടെ ഉടമകളാരെന്നതു പൊലീസ് പരിശോധിച്ചു വരുന്നതേയുള്ളൂ. ബാങ്ക് മാനേജരുടെ പരാതി പ്രകാരം സിറ്റി സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com