മകളുടെ വിവാഹത്തിന് വായ്പയ്ക്കായി ഭൂമി തരം മാറ്റാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയത് ഒരു വർഷം; ഉദ്യോ​ഗസ്ഥർക്കെതിരെ കുറിപ്പെഴുതി, മത്സ്യത്തൊഴിലാളി ജീവനൊടുക്കി  

ഭൂമി തരം മാറ്റാൻ ഒരുവർഷമായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുകയായിരുന്നു സജീവൻ
സജീവൻ
സജീവൻ

കൊച്ചി: വായ്പാവശ്യത്തിനായി ഭൂമി തരം മാറ്റാൻ അപേക്ഷയുമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി നിരാശനായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ മല്യങ്കര സ്വദേശി സജീവനാണ് ‌(57) ജീവനൊടുക്കിയത്. മകളുടെ വിവാഹത്തിനും വീട് പുതുക്കിപ്പണിയാനും പണം കണ്ടെത്താനായാണ് ബാങ്ക് വായ്പ്പയ്ക്കായി ശ്രമിച്ചത്. 

അഞ്ച് സെന്റ് ഭൂമി ‌പണയപ്പെടുത്തി മറ്റ്​ ബാധ്യതകൾ തീർക്കാൻ ബാങ്കിലെത്തിയപ്പോഴാണ് വീടിരിക്കുന്ന സ്ഥലം നിലമാണെന്ന്​ അറിഞ്ഞത്. നിലമായതിനാൽ വായ്പ ലഭിക്കില്ലെന്നും പുരയിടം ആണെങ്കിലെ വായ്പ ലഭിക്കൂ എന്നും ബാങ്ക് അറിയിച്ചു. ഇതിനുപിന്നാലെ ഭൂമി തരം മാറ്റാൻ ഒരുവർഷമായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുകയായിരുന്നു സജീവൻ. 

ബുധനാഴ്ച ഫോർട്ട് കൊച്ചി ആർ ഡി ഒ ഓഫിസിലെത്താൻ പറഞ്ഞിരുന്നു. ഇതുപ്രകാരം ഇവിടെ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. സർക്കാർ സംവിധാനങ്ങൾക്കെതിരെ കുറിപ്പ്​ എഴുതി തയാറാക്കിയശേഷം തൂങ്ങിമരിക്കുകയായിരുന്നു സജീവൻ. ഇപ്പോഴത്തെ ഭരണസംവിധാനവും ഉദ്യോഗസ്ഥരുടെ സ്വഭാവവുമാണ് മരണത്തിന് കാരണം. സാധാരണക്കാർക്കിവിടെ ജീവിക്കാൻ നിവൃത്തിയില്ല. എല്ലാത്തിനും കൈക്കൂലി കൊടുക്കണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. 

സജീവന്റെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com