'പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാം'; സമസ്തയും കൈവിട്ട ജാള്യത മറയ്ക്കാന്‍ ലീഗ് രണ്ടാം വിമോചന സമരത്തിന് ശ്രമിക്കുന്നു: കോടിയേരി

ബിജെപിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയില്ല. അവരും വര്‍ഗീയതയുടെ പുറകെ പോകുകയാണ്
കോടിയേരി സമ്മേളനത്തിൽ സംസാരിക്കുന്നു/ ചിത്രം: ഫെയ്സ്ബുക്ക്
കോടിയേരി സമ്മേളനത്തിൽ സംസാരിക്കുന്നു/ ചിത്രം: ഫെയ്സ്ബുക്ക്

കോഴിക്കോട്: വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതവിശ്വാസികള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കുന്നതിന് തടസമില്ല. മറിച്ച് പ്രചരിപ്പിക്കുന്നവര്‍ വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാനാണ് ശ്രമിക്കുന്നത്. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന ലെനിന്റെ വാചകം ഓര്‍മ്മിപ്പിച്ചായിരുന്നു കോടിയേരിയുടെ പ്രതികരണം. 

സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. വഖഫ് വിഷയത്തില്‍ സമസ്ത കൈവിട്ടതിലെ ജാള്യത മറയ്ക്കാൻ മുസ്ലിം ലീഗ് രണ്ടാം വിമോചന സമരത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ലീഗ് പല സംഘടനകളേയും ഒരുമിച്ചുകൂട്ടി കലാപത്തിന് കോപ്പു കൂട്ടുകയാണ്. രണ്ടാം വിമോചന സമരത്തിനാണ് ശ്രമമെങ്കില്‍ അക്കാലമെല്ലാം കഴിഞ്ഞെന്നും അന്നത്തെ കേരളമല്ല ഇന്നുള്ളതെന്നും കോടിയേരി ഓര്‍മിപ്പിച്ചു. 

ബിജെപിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയില്ല. അവരും വര്‍ഗീയതയുടെ പുറകെ പോകുകയാണ്. ഇന്ത്യ ഹിന്ദുവിന്റേതാണ് എന്നതാണ് രാഹുല്‍ ഗാന്ധി അടക്കം പറഞ്ഞത്. കോണ്‍ഗ്രസ്സിന്റെ സമീപനം ബി.ജെ.പിയെ നേരിടാന്‍ പറ്റുന്നതല്ല. കോണ്‍ഗ്രസ് ഭരിച്ച പോലെയും ബിജെപി ഭരിക്കുന്നത് പോലെയും ഇടതുപക്ഷം ഭരിക്കണമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അങ്ങനെ ഭരിക്കാനല്ല ജനങ്ങള്‍ ഇടതുപക്ഷത്തെ തെരഞ്ഞെടുത്തതെന്ന് കോടിയേരി വ്യക്തമാക്കി. 

സമഗ്ര വികസനമാണ് ഇടതുമുന്നണിയുടെ  ലക്ഷ്യം. അതില്‍ അനിഷ്ടമുള്ള ചിലരാണ് ഇപ്പോള്‍ കെ-റെയിലിനെതിരേ രംഗത്ത് വരുന്നതെന്നും കോടിയേരി പറഞ്ഞു. കെ-റെയിലിനെതിരായ സമരം രാഷ്ട്രീയമാണ്. ഭൂമി കൊടുക്കുന്ന ആളുകള്‍ക്ക് കണ്ണീര്‍ കുടിക്കേണ്ടി വരില്ല. നാലിരട്ടി നഷ്ടപരിഹാരം മുനിസിപ്പാലിറ്റികളും രണ്ടിരട്ടി നഷ്ടപരിഹാരം പഞ്ചായത്തുകളും നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അത് അങ്ങനെ തന്നെ നടക്കും. പ്രഖ്യാപിച്ച കാര്യം നടപ്പിലാക്കുക എന്നത് ഇടത് നയമാണെന്നും കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com