രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകത?; 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കി

പുതിയ കോവിഡ് മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: കാസര്‍കോട് ജില്ലയില്‍  50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കി. രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് പോലും 50 പേരെയാണ് അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. 

കാസര്‍കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും സിപിഎം സമ്മേളനം നടത്തുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജില്ലയില്‍ 50 പേരില്‍ കൂടുന്ന സമ്മേളനങ്ങള്‍ വിലക്കി കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

പുതിയ കോവിഡ് മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു.  പുതിയ മാനദണ്ഡങ്ങള്‍ യുക്തിസഹമാണോയെന്ന് ആലോചിക്കണം. 14 ജില്ലകള്‍ ഉള്ള സംസ്ഥാനത്ത് മൂന്ന് കാറ്റഗറിയാണ് പറയുന്നത്. ഈ മൂന്നു കാറ്റഗറിയിലും പെടാത്ത നിരവധി ജില്ലകളുണ്ട്. 

കാസര്‍കോട് ജില്ലയില്‍ ടിപിആർ 36 ശതമാനമാണ്. അത് ചെറിയ കണക്കല്ല. വളരെ ഗുരുതരമായ സാഹചര്യമാണ്. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. അത് എന്തുകൊണ്ടാണ് സര്‍ക്കാര്‍ കണക്കിലെടുക്കാത്തതെന്ന് കോടതി ചോദിച്ചു. 

പല ചോദ്യങ്ങള്‍ക്കും സര്‍ക്കാരിന് കൃത്യമായ മറുപടിയില്ല. കോവിഡ് നിയന്ത്രണം സംബന്ധിച്ച സര്‍ക്കാരിന്റെ പുതിയ ഉത്തരവില്‍ വ്യക്തതയില്ല എന്നും ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. വിലക്ക് ഏര്‍പ്പെടുത്തിയത് കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com