വീട്ടമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി സ്വര്‍ണ്ണവുമായി  മുങ്ങി; ബന്ധു പിടിയില്‍

ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ ജെസിയുടെ വീട്ടിലെത്തുകയും ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന ജെസിയുടെ പിറകിലൂടെ വന്ന് ചിരവ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണം കവരുകയുമായിരുന്നു
അറസ്റ്റിലായ ജോബി
അറസ്റ്റിലായ ജോബി

കൊരട്ടി: വീട്ടമ്മയെ ചിരവ കൊണ്ട് തലയക്കടിച്ച് സ്വര്‍ണ്ണവുമായി മുങ്ങിയ പ്രതിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മാമ്പ്ര വേഴപ്പറമ്പന്‍  ജോബി (49)യാണ് അറസ്റ്റിലായത്. കൊരട്ടി കട്ടപ്പുറം മേലേടന്‍ പോളിയുടെ ഭാര്യ ജെസി(58)യെ ബുധനാഴ്ച ചിരവ കൊണ്ട് തലയ്ക്കടിച്ചും മുഖത്ത് ചവിട്ടിയും കഴുത്ത് ഞെരിച്ചും മൃതപ്രായയാക്കിയിട്ടാണ് മൂന്നു വളയും ഒരു മാലയും അടക്കം മൂന്നര പവനോളം സ്വര്‍ണ്ണവുമായി ഇയാള്‍ കടന്നുകളഞ്ഞത്. ജെസിയുടെ ഭര്‍തൃമാതാവിന്റെ സഹോദരന്റെ മകനാണ് ജോബി. 

ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ ജെസിയുടെ വീട്ടിലെത്തുകയും ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന ജെസിയുടെ പിറകിലൂടെ വന്ന് ചിരവ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണം കവരുകയുമായിരുന്നു. ബന്ധുവായ ഇയാള്‍ രണ്ടു ദിവസങ്ങളായി ജെസിയുടെ വീട്ടിലെത്തുകയും ക്ഷേമാന്വേഷണത്തിനൊപ്പം സമീപവാസികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഗൃഹനാഥന്‍ ജോലിക്ക് പോയിരിക്കുകയാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് കവര്‍ച്ച നടത്തിയത്.  

ശാരീരിക അസ്വസ്ഥതകളേറെയുള്ള ജെസി സംഭവം മകളെ ഫോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളെത്തി ഗുരുതരമായി പരിക്കേറ്റ ജെസിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്വര്‍ണ്ണവുമായി മുങ്ങിയ ജോബി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വയ്ക്കുകയും വീട്ടിലെത്തി ഭാര്യക്ക് ഏഴായിരം രൂപ നല്‍കുകയും ചെയ്തു. കൂടാതെ സുഹൃത്തില്‍ നിന്നും വാങ്ങി പണയം വച്ച സ്വര്‍ണ്ണവും തിരിച്ചേല്‍പ്പിച്ചു. 

ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച കറുകുറ്റി അഡ്ലക്സിന് സമീപം കുളക്കാട്ടില്‍ സാബു(36), കറുകുറ്റി തിരുതനത്തില്‍ സാന്റോ ആന്റണി(40) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവരും കറുകുറ്റിയിലെ ബാറില്‍ മദ്യപിച്ചതിനു ശേഷമാണ് ജോബിയെ രക്ഷപ്പെടാന്‍ സഹായിച്ചത്. രക്ഷപ്പെടാന്‍ തൃശൂര്‍ വരെ കൊണ്ടുപോയതിന് വാഹനത്തില്‍ ഇന്ധനവും 500 രൂപ വീതവും നല്‍കി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ സുഹൃത്തുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൂര്‍ണ്ണമായി വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷമായിരുന്നു പൊലീസ് നടപടികളിലേക്ക് നീങ്ങിയത്. ചാലക്കുടി ഡിവൈഎസ് പിയുടെ നിര്‍ദ്ദേശപ്രകാരം സിഐ ബികെ അരുണിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com