അഞ്ച് വർഷം കൊണ്ട് എല്ലാവർക്കും വീട്; വലതുപക്ഷ ശക്തികൾക്ക് ബദലാണ് കേരള സർക്കാരെന്ന് മുഖ്യമന്ത്രി

പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം മറികടന്നു മുന്നോട്ടുപോയി. നിശ്ചയിച്ച പദ്ധതികളെല്ലാം നടപ്പാക്കി
സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപനത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നു
സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപനത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നു

തിരുവനന്തപുരം: അഞ്ച് വർഷം കൊണ്ട് എല്ലാവർക്കും വീട് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.5 ലക്ഷം വീടുകൾ നൽകും.  സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വലിയ പ്രതിസന്ധികളെ കേരളം ഒറ്റക്കെട്ടായാണ് അതിജീവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഘട്ടത്തിലും നമ്മൾ പിറകിലേക്ക് പോയില്ല.  പലരൂപത്തിൽ സർക്കാറിന് പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം മറികടന്നു മുന്നോട്ടുപോയി. നിശ്ചയിച്ച പദ്ധതികളെല്ലാം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതിയിൽ സർക്കാറിന് വ്യക്തമായ നിലപാടുണ്ട്. ഇനിയും അത് തുടരും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വർഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന സർവേയാണ് ഇപ്പോൾ രാജ്യത്തെ പല ആരാധനാലയങ്ങളിലും നടക്കുന്നത്. എന്നാൽ കേരളത്തിൽ ജനങ്ങൾക്ക് അനുകൂലമായ സർവേയാണ് നടക്കുന്നത്. പരമദരിദ്രരെ കണ്ടെത്താനാണ് കേരളത്തിൽ സർവേ നടക്കുന്നത്. വലതുപക്ഷ ശക്തികൾക്ക് ബദലാണ് കേരള സർക്കാറെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യം ഭരണഘടനാപരമായി മതനിരപേക്ഷത അംഗീകരിച്ച ഒരു രാഷ്ട്രമാണ്. പക്ഷെ, ആ മതനിരപേക്ഷത ഏതെല്ലാം രീതിയിൽ തകർക്കാനാകും, അതിനാണ് രാജ്യത്ത് ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. അതോടൊപ്പം വലിയ തോതിൽ വർഗീയ ശക്തികൾക്ക് പ്രോത്സാഹനവും ലഭിക്കുന്നു. ഇതിന്റെ ഫലമായി വലിയ ആശങ്കയിൽ കഴിയേണ്ടി വരുന്ന ഒരു അവസ്ഥ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളിൽ ഉണ്ടാകുന്നു. അതിന്റെ ഭാഗമായി പല നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് തന്നെ വരുന്നു. അതിൽ ഏറ്റവും വിമർശിക്കപ്പെട്ടതും നമ്മുടെ രാജ്യത്തിന് ചേരാത്തതുമായ ഒരു നടപടി ആയിരുന്നു മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുക എന്നത്. നമ്മുടെ പൗരത്വം മതാടിസ്ഥാനത്തിൽ നിർണയിക്കേണ്ട ഒന്നല്ല. ഞങ്ങൾ അതുമായി മുന്നോട്ട് പോകും എന്ന് കേന്ദ്ര സർക്കാർ നിലപാട് എടുത്തപ്പോൾ, രാജ്യത്ത് ആദ്യമേ തന്നെ ഒരു തരത്തിലുമുള്ള അറച്ച് നിൽപ്പുമില്ലാതെ കേരളം നിലപാട് പരസ്യമായി പറഞ്ഞു. അത് പൗരത്വനിമയഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ല എന്നായിരുന്നു.

രാജ്യത്ത് പലയിടങ്ങളിലായി പലതരത്തിലുള്ള സർവേ നടക്കുകയാണ്. അത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള സർവേകൾ കൂടിയാണ്. ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള സർവേകൾ നടന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ വരുന്നു. നമ്മളും ഇവിടെ സർവേകൾ നടത്തുന്നുണ്ട്. ആ സർവേകൾ ഏതെങ്കിലും തരത്തിൽ ജനങ്ങളെ ചേരിതിരിക്കാനുതകുന്നതല്ല. ജനങ്ങളുമായി ബന്ധപ്പെട്ടത് തന്നെയാണ്. നമ്മുടെ സമൂഹത്തിലെ പരമദരിദ്രരായ കുടുംബങ്ങൾ ഏതൊക്കെയാണ് എന്ന് കണ്ടെത്താനുള്ള സർവേ സംസ്ഥാനത്ത് പൂർത്തിയായിട്ടുണ്ട്. അതിലൂടെ ആ കുടുംബങ്ങളെ ആകെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള തുടർനടപടികളിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com