ചുട്ടുകൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി; 'മൃതദേഹം സുനിതയുടേതെന്ന് ഉറപ്പിക്കണം'; 9 വർഷത്തിനുശേഷം ഡിഎൻഎ പരിശോധന

സുനിതയുടെ ശരീരം തന്നെയാണെന്ന് ഉറപ്പിക്കാനായാണ് മക്കളുടെ രക്തസാംപിൾ ശേഖരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; ആനാട് വേങ്കവിള വേട്ടമ്പള്ളി സ്വദേശി സുനിതയുടെ കൊലപാതകത്തിൽ ഒൻപതു വർഷത്തിനു ശേഷം ഡിഎൻഎ പരിശോധന. സുനിതയുടെ ശരീരം തന്നെയാണെന്ന് ഉറപ്പിക്കാനായാണ് മക്കളുടെ രക്തസാംപിൾ ശേഖരിച്ചത്. ഭർത്താവ് തന്നെ സുനിതയെ ചുട്ടുകൊന്ന് മൃതശരീരം മൂന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു. 

2013ലാണ് കേസിന് ആസ്പദമായ കൊലപാതകം നടക്കുന്നത്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയശേഷം പൊലീസ് ഡിഎൻഎ പരിശോധന നടത്തിയിരുന്നില്ല. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര വീഴ്ച പരിഹരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആറാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണു  പ്രോസിക്യൂഷനു നിർദേശം നൽകിയിരുന്നു. തുടർന്ന് സുനിതയുടെ മക്കളും കേസിലെ നിര്‍ണായക സാക്ഷികളുമായ ജോമോൾ, ജീനമോൾ എന്നിവരുടെ രക്തസാംപിളുകൾ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ അസിസ്റ്റന്റ് സർജൻ ഡോ.ജോണി. എസ്. പെരേരയാണ് കോടതി മുറിയിൽ വച്ചു ശേഖരിച്ച‌ത്. ഇത് പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയച്ചു.

കൂടുതൽ സ്ത്രീധനം ലക്ഷ്യമിട്ടാണ് നാലാം വിവാഹം കഴിക്കാൻ പ്രതി ജോയ് ആന്റണി തന്റെ മൂന്നാം ഭാര്യയായ സുനിതയെ കൊലപ്പെടുത്തിയത്.  രണ്ടാഴ്ചയ്ക്കുശേഷം സുനിതയുടെ ശരീര അവശിഷ്ടങ്ങൾ ജോയ് ആന്റണിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽനിന്ന് ആർഡിഒയുടെ നേതൃത്വത്തിൽ പൊലീസ് കണ്ടെടുത്തിരുന്നു. കുറ്റപത്രം സമർപ്പിച്ച അന്നത്തെ നെടുമങ്ങാട് സിഐ, കൊല്ലപ്പെട്ടത് സുനിത തന്നെ എന്നു സ്ഥാപിക്കുന്ന ഒരു ശാസ്ത്രീയ തെളിവും കോടതിയിൽ ഹാജരാക്കിയിരുന്നില്ല.‌ 

അതിനാൽ ‘സുനിത ഇപ്പോഴും ജീവിച്ചിരിക്കുന്നു’ എന്ന് വാദിക്കാനാണ് പ്രതിഭാ​ഗം ശ്രമിച്ചത്. തുടർന്നാണ് ശരീര അവശിഷ്ടങ്ങൾ ഫൊറൻസിക് ലാബിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അവ സുനിതയുടെ മക്കളുടെ ഡിഎൻഎയുമായി ഒത്തു ചേരുമോ എന്നു പരിശോധിക്കാൻ അനുവദിക്കണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്. പ്രതിഭാഗം ഇതിനെ ശക്തമായി എതിർത്തെങ്കിലും പരിശോധന നടത്താൻ കോടതി നിർദേശിക്കുകയായിരുന്നു. പ്രതിക്കു വേണ്ടി ക്ലാരൻസ് മിറാൻഡയും പ്രോസിക്യൂഷനു വേണ്ടി എം.സലാഹുദ്ദീനുമാണ് ഹാജരാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com