വൈശാലിയുടെ വിജയം സിനിമാക്കാരനാക്കി, മലയാളികളുടെ സ്വന്തം 'വിശ്വസ്ത സ്ഥാപനം'; സ്വപ്നങ്ങൾ ബാക്കിയാക്കി മടക്കം

അരവിന്ദന്‍ സംവിധാനം ചെയ്ത 'വാസ്തുഹാര', ഹരികുമാര്‍-എംടി ടീമിന്റെ 'സുകൃതം', സിബിമലയില്‍ സംവിധാനം ചെയ്ത 'ധനം' തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിര്‍മിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അറ്റ്ലസ് രാമചന്ദ്രൻ എന്നാൽ മലയാളികൾക്ക് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാക്യമാണ്. പിന്നീട് ആ മുഖം സിനിമയിലേക്കു ചുവടുമാറ്റിയെങ്കിലും ആ പരസ്യവാക്യത്തോടുള്ള പ്രിയം മലയാളികളിൽ നിന്നു പോയില്ല. നിർമാതാവ്, നടൻ, സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സിനിമ കഥയെ വെല്ലുന്നതാണെന്നു പറയാം. പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റേത്. 

തൃശ്ശൂർ സെൻതോമസ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ രാമചന്ദ്രൻ ബാങ്ക് ഉദ്യോഗസ്ഥനാണ് കരിയർ തുടങ്ങുന്നത്. നാട്ടിൽ ബാങ്കുദ്യോഗസ്ഥനായി ജോലി ചെയ്തു വരികയായിരുന്നു. അപ്പോഴാണ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ഓഫീസറായി ജോലി ലഭിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവാസ ജീവിതം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഇന്റര്‍നാഷണല്‍ ഡിവിഷന്‍ മാനേജരായി സ്ഥാനകയറ്റം നേടി കരിയറിൽ മുന്നേറുന്നതിനിടെയാണ് സ്വർണവ്യാപാരത്തിൽ മനസുടക്കുന്നത്. 

അറ്റ്ലസ് ​ഗ്രൂപ്പിന്റെ ആരംഭം അവിടെനിന്നാണ്. കുവൈത്തിലെ സ്വർണ്ണ കച്ചവട രംഗത്ത് വളരെ പെട്ടെന്ന് തന്നെ അറ്റ്ലസ് സ്വന്തം മേൽവിലാസം ഉണ്ടാക്കി. പക്ഷേ ഗൾഫ് യുദ്ധം അദ്ദേഹത്തിന്റെ വ്യവസായത്തെ മുച്ചൂടും തകർന്നു. അദ്ദേഹത്തിന്റെ ജ്വല്ലറികൾ കൊള്ളയടിക്കപ്പെട്ടു. എന്നാൽ ഇതൊന്നും രാമചന്ദ്രനെ തകർത്തില്ല. അദ്ദേഹം ബിസിനസ് യുഎഇയിലേക്ക് മാറ്റി. അറ്റ്ലസിന് പുതിയൊരു തുടക്കം. യുഎഇയിലെ മുൻനിര വ്യവസായിയായി രാമചന്ദ്രൻ മാറിയത് ഇതിനു ശേഷമാണ്. ഒരു സമയത്ത് അറ്റ്‌ലസ് ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവടങ്ങളിലായി അന്‍പതിലധികം ശാഖകളാണ് ഉണ്ടായിരുന്നത്.

അതിനിടയിലാണ് അറ്റ്ലസ് രാമചന്ദ്രൻ മലയാള സിനിമാലോകത്തേക്ക് എത്തുന്നത്. ഭരതൻ സംവിധാനം ചെയ്ത വൈശാലിയായിരുന്നു ആദ്യ ചിത്രം. ചിത്രം കലാപരമായ പ്രശംസകൾ നേടിയതിനൊപ്പം സാമ്പത്തിക വിജയവുമായതോടെ സിനിമയിൽ ഭാ​ഗ്യം പരീക്ഷിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. പ്രമുഖ സംവിധായകർക്കൊപ്പം നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം ഒന്നിച്ചത്. അരവിന്ദന്‍ സംവിധാനം ചെയ്ത 'വാസ്തുഹാര', ഹരികുമാര്‍-എംടി ടീമിന്റെ 'സുകൃതം', സിബിമലയില്‍ സംവിധാനം ചെയ്ത 'ധനം' തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിര്‍മിച്ചു. 

ചന്ദ്രകാന്ത് ഫിലിംസ് എന്ന പേരിലായിരുന്നു അദ്ദേഹം സിനിമകൾ നിർമ്മിച്ചതും വിതരണം ചെയ്തതും. കൗരവർ, ഇന്നലെ, വെങ്കലം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം വിതരണ രംഗത്തും എത്തി. അറബിക്കഥ, 'ആനന്ദഭൈരവി', 'മലബാര്‍ വെഡ്ഡിങ്', 'ടു ഹരിഹര്‍ നഗര്‍'ഉൾപ്പെടെ 14 സിനിമകളിൽ അഭിനയിച്ച രാമചന്ദ്രൻ 2010 ൽ ഹോളിഡേയ്സ് എന്ന സിനിമ സംവിധാനം ചെയ്തു.

മൂന്നര ബില്യന്‍ ദിര്‍ഹം വിറ്റുവരവുണ്ടായിരുന്ന വ്യവസായ വാണിജ്യ സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്. എന്നാൽ 2015 മുതൽ അദ്ദേഹത്തിന്റെ സാമ്രാജ്യം തകർന്നടിയുകയായിരുന്നു. വ്യാപാരാവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത ആയിരം കോടി രൂപയോളം (55 കോടി ദിര്‍ഹം) വരുന്ന കടം തിരിച്ചടയ്ക്കാന്‍ സാധിക്കാതെപോയതാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ പതനത്തിന് തുടക്കം. അഞ്ചുകോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്നാണ് ആദ്യത്തെ കേസുകള്‍ അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. വായ്പകള്‍ തിരിച്ചടയ്ക്കാതെവന്നതോടെ അദ്ദേഹം വായ്പയെടുത്ത 15 ബാങ്കുകള്‍ ചേര്‍ന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.

2015 ഓഗസ്റ്റ് 23നായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റെ അറസ്റ്റ്. 34 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് ചെയ്യുന്നത്. മൊത്തം 22 ബാങ്കുകള്‍ക്കും ആറ് വ്യക്തികള്‍ക്കും അറ്റ്‌ലസ് രാമചന്ദ്രന്‍ കടക്കാരനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ബിസിനസില്‍ പങ്കാളിത്തമുണ്ടായിരുന്ന മകള്‍ മഞ്ജുവും മരുമകന്‍ അരുണും കൂടി ജയിലിലായി. ഒക്ടോബര്‍ 28 ന് രാമചന്ദ്രനെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തതോടെ പതനം പൂര്‍ണ്ണമാവുകയായിരുന്നു. വായ്പയും വാടകക്കുടിശ്ശികയുമെല്ലാമായി ബാധ്യത 600 ദശലക്ഷം ദിര്‍ഹത്തിലെത്തിയെന്നാണ് ഏകദേശ കണക്ക്. സ്വത്തുക്കളെല്ലാം വിറ്റാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്. 

ദുരിതകാലം താണ്ടി തിരിച്ചു വരവിനുള്ള തയാറെടുപ്പിലായിരുന്നു അറ്റ്ലിസ് രാമചന്ദ്രൻ. വ്യവസായ ലോകത്തേക്കു മാത്രമല്ല തന്റെ ജന്മനാട്ടിലേക്കും. എല്ലാ സ്വപ്നങ്ങളേയും അവശേഷിപ്പിച്ച് ജനകോടിയുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ഉടമ ഈ മണ്ണിൽ നിന്ന് യാത്രയാവുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com