കാനം തുടരുമോ?; സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

ചില ജില്ലകളില്‍ സംസ്ഥാന കൗണ്‍സിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്‍സരത്തിനും സാധ്യതയുണ്ട്
ഡി രാജ, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസ്ഥാന സമ്മേളനത്തില്‍/ ഫെയ്‌സ്ബുക്ക്
ഡി രാജ, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസ്ഥാന സമ്മേളനത്തില്‍/ ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍, കണ്‍ട്രോള്‍ കമീഷന്‍ അംഗങ്ങളെയും പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴം തേടുന്ന കാനം രാജേന്ദ്രന് മല്‍സരം നേരിടേണ്ടി വരുമോ എന്നതില്‍  അവ്യക്തത തുടരുകയാണ്. 

സിപിഐയുടെ സംഘടനാരീതി അനുസരിച്ച് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതു ജില്ലാ ഘടകങ്ങളാണ്. ഇതിനു മുന്നോടിയായി രാവിലെ 9ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ ഓരോ ജില്ലകള്‍ക്കും എത്ര സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എന്ന് തീരുമാനിക്കും. 

ഇതനുസരിച്ച് ജില്ലകളില്‍ നിന്നും അംഗങ്ങളെ നിശ്ചയിച്ച് നല്‍കും. ചില ജില്ലകളില്‍ സംസ്ഥാന കൗണ്‍സിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്‍സരത്തിനും സാധ്യതയുണ്ട്. സംസ്ഥാന കൗണ്‍സിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക.

75 വയസ്സ് എന്ന പ്രായപരിധി നിർദേശം തള്ളിക്കളയണമെന്ന വികാരം ജില്ലാ പ്രതിനിധികളുടെ യോഗങ്ങളിൽ പടർത്താനാണ് ഇസ്മായിൽ പക്ഷത്തിന്റെ നീക്കം. പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ജില്ലാഘടകങ്ങളോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപരിധി നിർദേശം നടപ്പായാൽ കെ ഇ ഇസ്മായിലും സി ദിവാകരനും പുതിയ സംസ്ഥാന കൗൺസിലിൽ നിന്നു പുറത്താകും.

സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായാൽ കെ പ്രകാശ് ബാബു, വി എസ് സുനിൽകുമാർ, സി എൻ ചന്ദ്രൻ എന്നിവരിൽ ഒരാൾ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം മത്സരം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രനേതൃത്വം. പരസ്യ പ്രതികരണം നടത്തിയ മുതിർന്ന നേതാക്കളായ സി ദിവാകരൻ, കെ ഇ ഇസ്മയിൽ എന്നിവർക്കെതിരെ  നടപടി വേണമെന്ന് കാനം വിഭാ​ഗം ആവശ്യമുന്നയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com