സ്വതന്ത്രരായി ജയിച്ചവര്‍ മുന്നണിയിലോ പാര്‍ട്ടിയിലോ ചേര്‍ന്നാല്‍ അയോഗ്യരാവും; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹൈക്കോടതി വിധി 

കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജിനെ അയോഗ്യയാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവെച്ചാണ് ഹൈക്കോടതിയുടെ വിധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: സ്വതന്ത്രമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച് ജയിക്കുന്നവർ പിന്നീട് ഏതെങ്കിലും പാർട്ടിയിലോ മുന്നണിയിലോ ചേർന്നാൽ അയോഗ്യരാവുമെന്ന് വ്യക്തമാക്കി ഹൈക്കോടതി. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോ​ഗ്യത ബാധകമാവും എന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. 

കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജിനെ അയോഗ്യയാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവെച്ചാണ് ഹൈക്കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. 

സ്വതന്ത്ര അംഗമായി മത്സരിച്ചു ജയിച്ച ഷീബ ജോർജ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചത് പാർട്ടിയുടെ ഭാഗമായാണെന്ന് രേഖകളിൽ വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പു പ്രക്രിയയിലും തിരഞ്ഞെടുക്കപ്പെടുന്നവരിലും ജനങ്ങൾക്കുള്ള വിശ്വാസം സംരക്ഷിക്കണമെങ്കിൽ കൂറുമാറ്റത്തിനെതിരെ കർശന നിലപാട് ആവശ്യമാണെന്നു കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കാൻ വേണ്ടിയാണു നിയമം കൊണ്ടുവന്നതെന്നും പറഞ്ഞു. 

2020ലെ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയ്ക്കൊപ്പം സത്യപ്രസ്താവന നൽകിയപ്പോൾ ഷീബ ജോർജ് ഏതെങ്കിലും പാർട്ടിയുടെയോ മുന്നണിയുടെയോ ഭാഗമല്ലെന്നു പറഞ്ഞിരുന്നു. പക്ഷെ ജയിച്ചതിന് ശേഷം ചട്ടപ്രകാരം പഞ്ചായത്തിൽ ഡിക്ലറേഷൻ നൽകിയപ്പോൾ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രയാണെന്ന് എഴുതി നൽകി. തദ്ദേശ സെക്രട്ടറി റജിസ്റ്ററിൽ എൽഡിഎഫിലെ സിപിഎം അംഗമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത മറ്റൊരം​ഗം നൽകിയ പരാതിയിലാണ് ഷീബയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോ​ഗ്യയാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com