'എല്‍ദോസിന് ഒരു നിയമവും സിപിഎം നേതാക്കള്‍ക്ക് മറ്റൊരു നിയമവുമോ?'; സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ മുന്‍മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന് കെ സുധാകരന്‍

'സിപിഎമ്മിന് അകത്തു നടന്നതുപോലെ ലൈംഗിക അതിക്രമങ്ങള്‍ വേറൊരു പാര്‍ട്ടിയിലും നടന്നിട്ടില്ല'
കെ സുധാകരന്‍ / ഫയല്‍
കെ സുധാകരന്‍ / ഫയല്‍

തിരുവനന്തപുരം: മുന്‍മന്ത്രിമാര്‍ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയും പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വ്യക്തമായ തെളിവോടു കൂടിയാണ് സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടുള്ളത്. എല്‍ദോസിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ പ്രതികരിച്ച മാന്യന്മാര്‍ എന്താണ് ഇപ്പോള്‍ മിണ്ടാത്തതെന്ന് സുധാകരന്‍ ചോദിച്ചു.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ആക്ഷേപം വന്നപ്പോള്‍ തന്നെ തങ്ങള്‍ പ്രതികരിച്ചു. എല്‍ദോസിനെതിരെ കേസെടുത്തതുപോലെ, സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രിമാര്‍ അടക്കം സിപിഎം നേതാക്കളുടെ പേരിലും കേസെടുക്കണം. എല്‍ദോസിന് ഒരു നിയമവും, സിപിഎം നേതാക്കള്‍ക്ക് മറ്റൊരു നിയമവുമാണോ ഉള്ളതെന്നും സുധാകരന്‍ ചോദിച്ചു. രാജ്യത്ത് എല്ലാവര്‍ക്കും ഒരു നിയമമല്ലേ ഉള്ളത്. അതുകൊണ്ട് സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. 

സിപിഎമ്മിനകത്ത് ഇത് ആദ്യത്തെ സംഭവമല്ലെന്ന് തങ്ങള്‍ക്കറിയാം. എവിടെ നിന്ന് ആരംഭിച്ചു, എത്രകാലം, ആരെയൊക്കെ, ഓതൊക്കെ ആളുകളെ പീഡിപ്പിച്ചു എന്നൊക്കെ ചരിത്രത്തിനകത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മിന് അകത്തു നടന്നതുപോലെ ലൈംഗിക അതിക്രമങ്ങള്‍ വേറൊരു പാര്‍ട്ടിയിലും നടന്നിട്ടില്ല. എന്നിട്ടും വമ്പന്മാരാണ്, സല്‍സ്വഭാവികളാണ് എന്നാണ് ഭാവം. സ്വപ്‌ന പറഞ്ഞതുകൊണ്ട് പൊലീസ് അന്വേഷിക്കേണ്ട എന്നുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. 

മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്‌ന ആരോപണം ഉന്നയിച്ചത്. ഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണ് കടകംപള്ളി സുരേന്ദ്രനെന്നും, തന്നെ കയറിപ്പിടിച്ചെന്നും, ഫോണില്‍ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ടെന്നുമാണ് സ്വപ്‌ന പറഞ്ഞത്. 

വീട്ടിലേക്ക് വരാമെന്നും ഹോട്ടലില്‍ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിര്‍ബന്ധിച്ചു. ബോള്‍ഗാട്ടിയിലെ ഹയാത്ത് ഹോട്ടല്‍ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നുവെന്നും അവിടെവെച്ചും അപമര്യാദയായി പെരുമാറിയെന്നും സ്വപ്ന ആരോപിച്ചു. പി ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും, തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. 

'പൊലീസ് സ്റ്റേഷനുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളായി മാറി'

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ സെമി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളായി മാറിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഈ നാട്ടില്‍ വല്ല ക്രമസമാധാനവുമുണ്ടോ?. പൊലീസുകാര്‍ അക്രമികളായി മാറിയിരിക്കുന്നു. പരാതി പറയാന്‍ പോയാലും രക്ഷിക്കണമെന്ന് പറയാന്‍ പോലായും തല്ലു കിട്ടും. ഏതു നിരപരാധി പോയാലും തലയ്ക്കും കാലിനും ശരീരത്തിനും പരിക്കു പറ്റാതെ എത്ര പേരാണ് തിരിച്ചുവരുന്നത്. 

ഏതെങ്കിലും ഒരു പൊലീസ് ഓഫീസറെ നടപടിക്ക് വിധേയരാക്കിയിട്ടുണ്ടോ. പരമാവധി ഒരു ട്രാന്‍സ്ഫറില്‍ ഒതുക്കും. ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുന്നെങ്കില്‍ മറ്റുള്ള ഉദ്യോഗസ്ഥര്‍ക്ക് അത് മാതൃകയാകുമായിരുന്നു. ആരെയും സ്വാധീനിക്കാന്‍ പറ്റുമെന്ന പൊതു വിശ്വാസം പൊലീസിനകത്തുണ്ട്. അതുകൊണ്ടു തന്നെ തെറ്റു തിരുത്താനോ, അതേക്കുറിച്ചു ചിന്തിക്കാനോ തയ്യാറാകാത്ത സാഹചര്യമാണ് പൊലീസ് സേനക്കകത്തുള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com