മുഖ്യമന്ത്രിയും ശിവൻകുട്ടിയും ഫിൻലാൻഡിലേക്ക്; രാജീവും വീണയും യുകെ, റിയാസും സംഘവും പാരീസിലേക്ക്

 ഒക്ടോബർ 1 മുതൽ 14 വരെയാണ് സന്ദർശന പരിപാടി
പിണറായി വിജയന്‍/ഫയല്‍ ചിത്രം
പിണറായി വിജയന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: അടുത്ത മാസം ആദ്യം യൂറോപ്പ് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ, വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് സന്ദർശനം. ഫിൻലൻഡ്, നോർവേ, ഇംഗ്ലണ്ട് (ലണ്ടൻ), ഫ്രാൻസ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പര്യടനം നടത്തുന്നത്.  ഒക്ടോബർ 1 മുതൽ 14 വരെയാണ് സന്ദർശന പരിപാടി. 

മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും അടക്കമുള്ള സംഘമാണ് ഫിൻലാൻഡ് സന്ദർശിക്കുന്നത്. കേരളവും ഫിൻലൻഡും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും, ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനുമാണ് ഇത്. ഫിൻലൻഡ് വിദ്യാഭ്യാസമന്ത്രി ബഹു. ലീ ആൻഡേഴ്സെൻറ ക്ഷണപ്രകാരം സംഘം അവിടെയുള്ള പ്രീസ്കൂളും സന്ദർശിക്കും. പ്രസിദ്ധമായ ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയുടെ പഠനരീതികളെയും അധ്യാപന പരിശീലന രീതികളെകുറിച്ചും പഠിക്കാൻ ഈ സന്ദർശനം സഹായകമാവും. കൂടാതെ അവിടെയുള്ള പ്രമുഖ ബഹുരാഷ്ട്രകമ്പനികൾ സന്ദർശിച്ച് കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനുള്ള സാധ്യതകൾ നോക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം സൈബർരംഗത്തെ സഹകരണത്തിനായി എന്തെല്ലാം ചെയ്യാനാകുമെന്ന് ഫിൻലാൻഡിലെ വിവിധ ഐടി കമ്പനികളുമായും ചർച്ചനടത്തും. 

മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതാണ് നോർവെ സന്ദർശനത്തിൻറെ പ്രധാനലക്ഷ്യം. നോർവെ ഫിഷറീസ് & ഓഷ്യൻ പോളിസി മന്ത്രിയായ ജോർണർ സെൽനെസ്സ് സ്കെജറൻ ഈ മേഖലയിലെ വാണിജ്യം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം നോർവീജിയൻ ജിയോടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് കേരളത്തിൽ വർദ്ധിച്ചുവരുന്ന ഉരുൾപൊട്ടൽ ഉൾപ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകൾ പരിശോധിക്കും.

ഇംഗ്ലണ്ടും വെയ്ൽസുമാണ് സന്ദർശിക്കുന്ന മറ്റ് രണ്ടിടങ്ങൾ. വെയിൽസിലെ ആരോഗ്യമേഖല ഉൾപ്പെടെയുളള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അവിടത്തെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തും. വ്യവസായമന്ത്രി പി രാജീവ് നോർവെയിലും യുകെയിലും സന്ദർശന സമയത്തുണ്ടാകും. ഫിഷറീസ് വകുപ്പ് മന്ത്രി നോർവയിലും ആരോഗ്യ വകുപ്പ് മന്ത്രി യുകെയിലുമുണ്ടാകും. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാരീസ് സന്ദർശിക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ടൂറിസം മേളയിൽ പങ്കെടുക്കാനാണ് ഈ യാത്ര. സെപ്റ്റംബർ 19 നടക്കാനിരിക്കുന്ന ഫ്രഞ്ച് ട്രാവൽ മാർക്കറ്റിലും അവർ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com