ജലീല്‍ മതനിരപേക്ഷ മനസ്സുകളെ എല്‍ഡിഎഫില്‍ നിന്ന് അകറ്റി; പി വി അന്‍വറിനെ തിരുത്തണം: സിപിഐ മലപ്പുറം സമ്മേളനത്തില്‍ വിമര്‍ശനം

മുന്‍ മന്ത്രി കെടി ജലീലിനും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനും സിപിഐ മലപ്പുറം ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
കെ ടി ജലീല്‍, പിവി അന്‍വര്‍
കെ ടി ജലീല്‍, പിവി അന്‍വര്‍
Published on
Updated on


മലപ്പുറം: മുന്‍ മന്ത്രി കെടി ജലീലിനും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനും സിപിഐ മലപ്പുറം ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ജില്ല സെക്രട്ടറി പികെ കൃഷ്ണദാസ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇരുവരെയും പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള വിമര്‍ശനം.

ജലീല്‍ ഉയര്‍ത്തിയ വിവാദ പ്രസ്താവനകള്‍ ഇടതുപക്ഷ മതനിരപേക്ഷ മനസുകളെ എല്‍ഡിഎഫില്‍ നിന്ന് അകറ്റാന്‍ കാരണമായിട്ടുണ്ടെന്ന് തിരിച്ചറിയണം. ഇടതുപക്ഷ നിലപാടുകളെ, പ്രത്യേകിച്ചും പാരിസ്ഥിതിക നിലപാടുകളെ അപഹാസ്യമാക്കുന്ന പിവി അന്‍വര്‍ എംഎല്‍എയുടെ നടപടികള്‍ തിരുത്താനുള്ള ജാഗ്രതയും ബാധ്യതയും ബന്ധപ്പെട്ടവര്‍ പുലര്‍ത്തണം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സുതാര്യതയും വ്യക്തതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാത്രമേ രാഷ്ട്രീയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് തിരിച്ചറിയണം-റിപ്പോര്‍ട്ടില്‍ പറയുന്നു. 

സിപിഎം രാഷ്ട്രീയ കുറുക്കുവഴികള്‍ തേടുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. മുസ്ലിം ലീഗും യുഡിഎഫും നടത്തുന്ന ആപത്കരമായ സഖ്യങ്ങള്‍ക്കും നീക്കങ്ങള്‍ക്കുമുള്ള പ്രതിവിധി ആ വിധത്തില്‍ തന്നെയുള്ള കുറുക്കുവഴികള്‍ തന്നെയാണെന്ന ചിന്ത പലപ്പോഴും സിപിഎമ്മിനെ നയിക്കുന്നു. 

രണ്ടാം പിണറായി സര്‍ക്കാറിന് മുന്‍ സര്‍ക്കാറിനെക്കാള്‍ നിലവാരക്കുറവ് സംഭവിച്ചു. പല വകുപ്പുകളുടെയും പ്രവര്‍ത്തന നിലവാരം ഉയരുന്നില്ലെന്നും സിപിഐ കുറ്റപ്പെടുത്തി. ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, ഗതാഗത വകുപ്പുകള്‍ക്കെതിരെയാണ് വിമര്‍ശനം.

വികസനത്തിന്റെ വാചാലതയില്‍ സാധാരണക്കാരുടെ ദൈനംദിന പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം. മത സാമുദായിക ശക്തികളോട് അനാവശ്യ മമത കാണിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷ നേതാക്കളില്‍ നിന്നും ഉണ്ടാകുന്നത് ഗുണകരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com