'രണ്ട് സ്ഥലത്ത് അടിയും വെടിയുമുണ്ടായാല്‍ നിങ്ങള്‍ എന്തായിരിക്കും പറയുക?'; ഹെല്‍മെറ്റിട്ട് കല്ലെറിഞ്ഞാല്‍ ആരെ പിടിക്കും?: കാനം രാജേന്ദ്രന്‍

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു
കാനം രാജേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു


തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസ് ജനകീയ സമരങ്ങളെ നേരിടുന്നതും ഒളിപ്പോരിനെ നേരിടുന്നതും രണ്ടുതരത്തിലായിരിക്കും. ജനകീയ സമരങ്ങള്‍ വന്നാല്‍ പൊലീസിന് തടയാനും ഇല്ലാതാക്കാനും പറ്റും. എന്നാല്‍ ഹെല്‍മെറ്റിട്ട് മോട്ടോര്‍ സൈക്കിളില്‍ വന്ന് കല്ലെറിഞ്ഞാല്‍ ആരെ പിടിക്കാന്‍ പറ്റും. അക്രമമുണ്ടായപ്പോള്‍ പൊലീസ് നിര്‍വീര്യമായെന്ന് പറയുന്നു. രണ്ട് സ്ഥലത്ത് അടിയും വെടിയുമുണ്ടായാല്‍ നിങ്ങള്‍ എന്തായിരിക്കും പറയുക? അതുകൊണ്ട് സര്‍ക്കാര്‍ എല്ലാം ബാലന്‍സ് ചെയ്ത് വേണം മുന്നോട്ടുപോകാന്‍. അതിക്രമങ്ങള്‍ കാണിച്ച ആളുകള്‍ക്ക് എതിരെ കേസെടുക്കുക, നിയമത്തിന് മുന്നില്‍ കൊണ്ടുവരിക. അതാണ് പൊലീസിന് സാധിക്കുന്നത്. അത് സമര്‍ത്ഥമായി നടക്കുന്നുണ്ട്.- കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെയും തന്റെയും അഭിപ്രായം രണ്ടാണെന്ന് കൂട്ടിക്കോളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ എല്ലാവര്‍ക്കും സംരക്ഷണം നല്‍കണമെന്ന് പറഞ്ഞാല്‍ നടക്കുമോ? കെഎസ്ആര്‍ടിസി ബസിന് പൊലീസ് സംരക്ഷണം നല്‍കുന്നത് താന്‍ കണ്ടതാണ്. എവിടെയാണ് നല്‍കാത്തത് എന്ന് ഓരോന്നായി പറഞ്ഞാല്‍ അതിനെക്കുറിച്ച് അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സമാധാനപരമായി പോകുന്ന സമൂഹത്തില്‍ ധാരാളം കുഴപ്പങ്ങളുണ്ടാക്കാന്‍ ഇന്നലത്തെ ഹര്‍ത്താലിന് കഴിഞ്ഞിട്ടുണ്ട്. അതിനെ അപലപിക്കാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കാനം വിമര്‍ശിച്ചു. 

സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ സര്‍ക്കാരിന് എതിരെ കടുത്ത വിമര്‍ശനങ്ങളൊന്നുമുണ്ടായില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ പങ്കെടുത്ത പത്ത് ജില്ലാ സമ്മേളനങ്ങളിലും സര്‍ക്കാരിന് എതിരെ വലിയ വിമര്‍ശനമൊന്നും ഉണ്ടായില്ല. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഏതെങ്കിലും സഖാക്കള്‍ അഭിപ്രായം രേഖപ്പെടുത്തുന്നത് പാര്‍ട്ടിയുടെ ഔദ്യോഗിക അഭിപ്രായമായി എടുക്കേണ്ടതില്ലെന്നും കാനം പറഞ്ഞു. സിപിഐയില്‍ വിഭാഗിയതയുണ്ടെന്നും ഗ്രൂപ്പുണ്ടെന്നും ആരും പറഞ്ഞിട്ടില്ല. സിപിഐയില്‍ ഒരൊറ്റ ഗ്രൂപ്പേയുള്ളു, അത് സിപിഐ ഗ്രൂപ്പാണെന്നും കാനം പറഞ്ഞു. 

പാര്‍ട്ടി ഭരണഘടന പറയുന്നത് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മൂന്നു ടേമാണ്. സ്ഥാനമൊഴിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. താന്‍ തന്നെയാകുമെന്നും പറഞ്ഞിട്ടില്ല.- പാര്‍ട്ടി സെക്രട്ടറിയായി തുടരുമോയെന്ന ചോദ്യത്തിന് കാനം മറുപടി നല്‍കി. സംസ്ഥാന സമ്മേളനത്തില്‍ മത്സരമുണ്ടാകുമോയെന്ന ആശങ്കകള്‍ക്ക് ആവശ്യമില്ല. ആഭ്യന്തര ജനാധിപത്യം പാര്‍ട്ടി ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. ആ അവകാശങ്ങള്‍ ചില സ്ഥലങ്ങളില്‍ സഖാക്കള്‍ ഉപയോഗിച്ചു. അതിന് വിധേയമായിട്ടുള്ള ഇലക്ഷനുകള്‍ മാത്രമേയുള്ളു.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമ്മേളന പ്രതിനിധിയായി ആനി രാജയുടെ പേരില്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോള്‍,  പ്രമുഖരായിട്ടുള്ള എല്ലാവരെയും പങ്കെടുപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി.  പാര്‍ട്ടിയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് നിര്‍ദേശിക്കുന്ന ആളുകളെയാണ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുപ്പിക്കുക. ദേശീയ കൗണ്‍സില്‍ ഈ ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന പേരുകള്‍ മാത്രമേ നിര്‍ദേശിച്ചിട്ടുള്ളു. അതിന് പുറത്തുള്ള പേരുകള്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും ഞങ്ങള്‍ക്ക് ചേര്‍ക്കാന്‍ പറ്റില്ല- കാനം പറഞ്ഞു. 

താന്‍ സെക്രട്ടറിയാകുന്ന സമയത്ത് സിപിഐയുടെ മെമ്പര്‍ഷിപ്പ് 1,20,000 ആയിരുന്നു. ഇപ്പോള്‍ മെമ്പര്‍ഷിപ്പ് 1,75,000 ആണ്. 2016 മുതല്‍ മെമ്പര്‍ഷിപ്പ് വര്‍ധനവുണ്ടായി. സഹോദര പാര്‍ട്ടികളില്‍ നിന്ന് ഉള്‍പ്പെടെ ധാരാളം ആളുകള്‍ വന്നിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് വന്നവരുടെ കൃത്യമായ കണക്കില്ലെന്നും കാനം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com