മരിച്ചെന്നു മനസ്സിലായെങ്കിലും പ്രഥമശുശ്രൂഷ നല്‍കി, വിസ്മയയുടെ പിതാവ് ശാപവാക്കുകള്‍ അയച്ചു; സംഭാഷണം ചമ്മല്‍ കൊണ്ട് പറഞ്ഞത്: കിരണ്‍കുമാര്‍

വിസ്മയ മരിച്ച ദിവസം, വിസ്മയയുടെ പിതാവ് ശാപവാക്കുകള്‍ മെസേജായി അയച്ചിരുന്നെന്ന് കിരണ്‍കുമാര്‍ വിശദീകരണത്തില്‍ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്ലം: വിസ്മയ മരിച്ച ദിവസം, വിസ്മയയുടെ പിതാവ് ശാപവാക്കുകള്‍ മെസേജായി അയച്ചിരുന്നെന്ന് പ്രതി കിരണ്‍കുമാര്‍. രാത്രി പന്ത്രണ്ടോടെ ശൗചാലയത്തില്‍ കയറിയ വിസ്മയ ഇറങ്ങാത്തതിനാല്‍ കയറിനോക്കിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട നിലയില്‍ കണ്ടു. മരിച്ചെന്നു മനസ്സിലായെങ്കിലും താന്‍ പ്രഥമശുശ്രൂഷ നല്‍കി. വിവരം പറയാന്‍ പൊലീസ് സ്‌റ്റേഷനില്‍ അച്ഛന്‍ പോയപ്പോള്‍ വിസ്മയയുടെ ആത്മഹത്യക്കുറിപ്പുകൂടി കൊണ്ടുപോയിയെന്നും കിരണ്‍കുമാര്‍ കോടതിയെ അറിയിച്ചു. 

പുലര്‍ച്ചെ 2.30ന് പൊലീസ് വീട്ടിലെത്തി. കൊലപാതകമാണെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും, ഇനിയുള്ള നടപടിക്രമങ്ങള്‍ പറയുന്നതനുസരിച്ചേ ചെയ്യാവൂ എന്നു പറഞ്ഞ് പൊലീസ് എല്ലാവരുടെയും ഫോണ്‍ വാങ്ങി. എല്ലാവരെയും കേസില്‍ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കിരണ്‍കുമാര്‍ പറയുന്നു. കൊല്ലം ശൂരനാട് വിസ്മയ എന്ന യുവതി ജീവനൊടുക്കിയ കേസിന്റെ വിചാരണവേളയിലാണ് കിരണ്‍കുമാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. 

പ്രതിക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു മറുപടിയായായാണ് 65 പേജ് വരുന്ന വിശദീകരണം കിരണ്‍കുമാര്‍ എഴുതി നല്‍കിയത്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത് 100 പേജ് വരുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചാണ് വിശദീകരണം തേടിയത്. ചോദ്യങ്ങള്‍ക്കെല്ലാം വിശദീകരണം എഴുതി ഹാജരാക്കാമെന്ന് കിരണ്‍കുമാര്‍ മറുപടി അറിയിക്കുകയായിരുന്നു. 

വിസ്മയയുടെ വീട്ടില്‍ച്ചെന്നു വഴക്കുണ്ടാക്കിയതുമായി ബന്ധപ്പെട്ട് താന്‍ ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും നടത്തിയ സംഭാഷണത്തിലെ വിവരങ്ങള്‍ യാഥാര്‍ഥ്യം മറച്ചുവെച്ചാണെന്ന് പ്രതി കിരണ്‍കുമാര്‍ അറിയിച്ചു. തന്റെ സംഭാഷണത്തിലെ വിവരങ്ങള്‍ ചമ്മല്‍ കൊണ്ട് പറഞ്ഞതാണെന്നും, പ്രതിച്ഛായ കാത്തു സൂക്ഷിക്കാന്‍ വേണ്ടി യഥാര്‍ഥ സംഗതികളല്ല ആ സംഭാഷണത്തിലുള്ളതെന്നും പ്രതി വ്യക്തമാക്കി. 

2021 ജനുവരി മൂന്നിനാണ് കിരണ്‍കുമാര്‍ വിസ്മയയുടെ വീട്ടില്‍ച്ചെന്ന് വഴക്കുണ്ടാക്കിയത്. വിസ്മയ മാതാപിതാക്കളോടും സുഹൃത്തുക്കളോടും ഫോണ്‍ മുഖാന്തരം പറഞ്ഞ കാര്യങ്ങള്‍ അവരുടെ അനുകമ്പ പിടിച്ചുപറ്റാനായി സ്ത്രീധനമെന്ന പേരില്‍ അവതരിപ്പിക്കുകയായിരുന്നു. അഞ്ചുപേര്‍ ഉള്‍പ്പെട്ട പ്രതിഭാഗം സാക്ഷിപ്പട്ടികയും കിരണ്‍കുമാര്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ഏപ്രില്‍ നാലിനു നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com