ഷാഹിദ കമാലിന് ആശ്വാസം; വിദ്യാഭ്യാസയോഗ്യത വ്യാജമെന്ന് തെളിയിക്കാനായില്ലെന്ന് ലോകായുക്ത, ഹര്‍ജി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 02:13 PM  |  

Last Updated: 08th April 2022 02:13 PM  |   A+A-   |  

shahida kamal

ഷാഹിദ കമാല്‍ /ഫയല്‍ ചിത്രം

 


തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത വിവാദത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് ആശ്വാസം. ഷാഹിദയുടെ ഡോക്ടറേറ്റ് വ്യാജമെന്ന ഹര്‍ജി ലോകായുക്ത തള്ളി. വിദ്യാഭ്യാസ യോഗ്യത വ്യാജരേഖയാണെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. 

ബിരുദം സംബന്ധിച്ച പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല. 
കേസില്‍ പരാതിക്കാര്‍ക്ക് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാവുന്നതാണെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞു. ഷാഹിദാ കമാലിനു ഡോക്ടറേറ്റും ബിരുദവും ഇല്ലെന്നാരോപിച്ച് വിവരാവകാശ പ്രവര്‍ത്തക അഖിലാ ഖാന്‍ ആണ് ഹര്‍ജി നല്‍കിയത്. 

അതേസമയം ഷാഹിദ കമാലിനെതിരെയും ലോകായുക്ത വിമര്‍ശനം ഉന്നയിച്ചു. വനിത കമ്മീഷന്‍ അംഗമാകുന്നത് മുമ്പ് ഷാഹിദയുടെ നടപടി പൊതു പ്രവര്‍ത്തകര്‍ക്ക് ചേരാത്തതാണെന്നായിരുന്നു വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍  വ്യാജ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഷാഹിദ കമാല്‍ കമ്മീഷന്‍ അംഗമായ ശേഷമാണ് ഡി ലിറ്റ് നേടിയത്. ഇത് വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല. 

തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായ രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാലും ലോകായുക്തയില്‍ സമ്മതിച്ചിരുന്നു.
തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നല്‍കിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്ന് പരാതിക്കാരി വാദിച്ചിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയ ഷാഹിദ കമാലിനെ വനിതാകമ്മീഷനില്‍ നിന്നും പുറത്താക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

എം വി രാഘവന് ചായ കൊടുത്തതിന് പി ബാലനെ പുറത്താക്കി; ഗൗരിയമ്മയെ പുറത്താക്കിയത് എന്തിന്?

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ