സുബൈർ വധം; രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th April 2022 07:38 PM |
Last Updated: 29th April 2022 07:38 PM | A+A A- |

സുബൈര്‍
പാലക്കാട്: എസ്ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിലായി. വിഷ്ണു, മനു എന്നിവരാണ് അറസ്റ്റിലായത്. സുബൈര്‍ കൊലക്കേസില്‍ കൊലയാളികളില്‍ അവശേഷിക്കുന്ന മൂന്ന് പേര്‍ വൈകാതെ വലയിലാകുമെന്ന് പാലക്കാട് എസ്പി വ്യക്തമാക്കി.
കഴിഞ്ഞ എട്ടിന് സുബൈറിനെ വധിക്കാന്‍ പുറപ്പെട്ട നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് വിഷ്ണു. പൊലീസ് സാന്നിധ്യമുണ്ടായിരുന്നതിനാല്‍ ആ ശ്രമം പാളി. പിന്നീടാണ് പതിനഞ്ചിന് സുബൈറിനെ കൊലപ്പെടുത്തിയത്. മനുവിന്‍റെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചന.
അതിനിടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വധിച്ച കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ പിടിയിലായിരുന്നു. അവശേഷിക്കുന്ന മൂന്ന് പേര്‍ കൂടി വൈകാതെ വലയിലാവുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.
ശ്രീനിവാസന്‍റെ കൊലപാതകം എതിരാളികളുടെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കൊലപാതക ഗൂഡാലോചനയില്‍ അറസ്റ്റിലായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയത്.
മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഢാലോചനയില്‍ പങ്കെടുക്കുകയും പ്രതികള്‍ക്ക് ആയുധമെത്തിക്കുന്നതില്‍ സഹായിക്കുകയും ചെയ്തു. റിസ്വാനാണ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശേഖരിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്.
ഈ വാർത്ത കൂടി വായിക്കാം
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി; വേനലവധിക്കു ശേഷം പരിഗണിക്കും
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ