കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കും; ലൈസന്‍സ് നഷ്ടമാകും
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th April 2022 07:49 PM |
Last Updated: 29th April 2022 07:49 PM | A+A A- |

ആന്റണി രാജു/ ഫെയ്സ്ബുക്ക്
തിരുവനന്തപുരം: കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും ആ വാഹനത്തിൽ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിങ്ങ് ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിൽ മോട്ടർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് മാത്രമാണ് ലൈസൻസും പെർമിറ്റും റദ്ദാക്കുന്ന നടപടി സ്വീകരിക്കുന്നത്. എന്നാൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോൾ വിതരണം ചെയ്യുന്ന ഡ്രൈവിങ് ലൈസൻസ് കാർഡിനുപകരം എലഗന്റ് കാർഡുകൾ മേയ് മാസത്തിൽ വിതരണം ചെയ്യും. വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗവും, ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നതും, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത 3 മാസക്കാലയളവിൽ സ്പെഷൽ ഡ്രൈവുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.